
ബാലരാമപുരം: ലഹരിയുടെ മായിക ലോകത്തേക്ക് കോളേജ് വിദ്യാർത്ഥികൾ അകപ്പെടുന്നുവെന്ന വസ്‌തുത മറച്ചുവയ്‌ക്കാൻ കഴിയില്ലെന്നും ലഹരിക്കെതിരെയുള്ള കേരളകൗമുദിയുടെ പോരാട്ടം അഭിനന്ദനാർഹമാണെന്നും നരുവാമൂട് സി.ഐ ധനപാലൻ അഭിപ്രായപ്പെട്ടു. കേരളകൗമുദി ബോധപൗർണമി ക്ലബും നരുവാമൂട് ജനമൈത്രി പൊലീസും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറും ലഹരിവിരുദ്ധ പോസ്റ്രർ രചനാ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ ബോധപൗർണമി സന്ദേശം നൽകി.
'നോ ടു ഡ്രഗ്സ് ' കാമ്പെയിനിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധി അനാമിക .പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. നെയ്യാറ്റിൻകര സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ ലാൽകൃഷ്ണ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ ബിജു.എസ്, കോളേജ് അക്കാഡമിക് ഡയറക്ടർ കെ. കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ട്രിനിറ്റി കോളേജ് അസി.പ്രൊഫസറും സ്‌പോർട്സ് ആൻഡ് കൾച്ചറൽ കോ ഓർഡിനേറ്ററുമായ അൻസിൽ ഷാഫി സ്വാഗതവും അസി.പ്രൊഫസറും എൻ.എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്ററുമായ അനു.എം.എൽ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ യുവശബ്ദം എന്ന വിഷയത്തെ ആസ്‌പദമാക്കി സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിജയികളായി ഒന്നാം സ്ഥാനം നേടിയ ദേവനന്ദ, രണ്ടും മൂന്നും സ്ഥാനം നേടിയ ശിവനന്ദിനി, ആദർശ് എം.എ എന്നിവർക്ക് സി.ഐ ധനപാലൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു.