varavisesham

എവിടെ തൊട്ടാലും മർമ്മത്തിലാവുന്നത് കാരണം തൊടാൻ പറ്റാതെ വ്യസനിക്കുന്ന മർമ്മാണിയുടെ അവസ്ഥ ഇതിലും ഭേദമായിരുന്നു. കേരള നിയമസഭയിൽ വടശ്ശേരി സതീശൻജി അനുഭവിക്കുന്ന പങ്കപ്പാട് കണ്ടിട്ടാണ് തന്റേതൊക്കെ എന്ത് ദുഃഖമാണെന്ന് മർമ്മാണി ആശ്വസിക്കുന്നത്. നിയമസഭയിൽ തൊട്ടിപ്പുറത്തിരിക്കുന്ന പാണ്ടിക്കടവത്ത് കുഞ്ഞാപ്പയുടെ മനസ് എങ്ങനെയാണ് ഒന്ന് വായിച്ചെടുക്കുക എന്നോർത്തിട്ടാണ് സതീശൻജി എപ്പോഴും ആധി പൂണ്ടിരിക്കുന്നത്. കുഞ്ഞാപ്പയാണെങ്കിൽ കുറച്ച് നാളുകളായി സദാ ചിന്താമഗ്നനാണ്. കുഞ്ഞാപ്പയുടെ കണ്ണുകൾ എങ്ങനെയെല്ലാമാണ് സഞ്ചരിക്കുന്നത്, എങ്ങോട്ടെല്ലാമാണ് സഞ്ചരിക്കുന്നത് എന്ന് വ്യാകുലപ്പെട്ട് സതീശൻജിക്ക് ഊണും ഉറക്കവും കിട്ടുന്നില്ല.

നിയമസഭയിലാണെങ്കിൽ കുഞ്ഞാപ്പ സതീശൻജിയെ ഇടയ്ക്കൊന്ന് ഇടംകണ്ണിട്ട് നോക്കുന്നതല്ലാതെ ബാക്കി നേരമെല്ലാം വേറെയെങ്ങോട്ടോ നോക്കിയാണിരിക്കുന്നത്. ഈ നോട്ടത്തിന്റെ ദിശ കാണുമ്പോഴാണ് സതീശൻജിയുടെ നെഞ്ച് കൂടുതൽ ആളുന്നത്. കുഞ്ഞാപ്പയെ ഒന്ന് പ്രസാദിപ്പിച്ച് നിറുത്താൻ സതീശൻജിക്ക് എന്തെല്ലാമാണ് ചെയ്യേണ്ടി വരുന്നത്!

അങ്ങനെയിരിക്കുമ്പോഴാണ് നിയമസഭയിൽ ആരിഫ് മുഹമ്മദ്ഖാൻജിയെ സർവകലാശാലകളിൽ നിന്ന് ഉച്ചാടനം ചെയ്യാനുള്ള ബില്ലുമായി പിണറായി സഖാവിന്റെയൊരു വരവ്. സർവകലാശാലകളിൽ ഖാൻജി കയറിയ അവസ്ഥയെ പിണറായി സഖാവ് ഉപമിക്കുന്നത് കരിമ്പിൻതോട്ടത്തിൽ ആന കയറിയതിനോടാണെന്ന് കുഞ്ഞാപ്പയ്ക്ക് നല്ലതുപോലെ അറിയാം. സതീശൻജിക്കും ഈവക കാര്യങ്ങൾ അറിയാതെയല്ല. എന്നാൽ സർവകലാശാലകളിൽ പിണറായി സഖാവിന്റെ അഭ്യാസങ്ങൾ വകവച്ച് കൊടുക്കാനാവില്ലെന്ന് സതീശൻജി ചിന്തിക്കുന്നുണ്ട്. കുഞ്ഞാപ്പ അതേപ്പറ്റി മനസ് തുറക്കാതിരിക്കുന്നതിലാണ് സതീശൻജിയുടെ കുണ്ഠിതം ഏറുന്നത്.

കുറച്ച് മുൻപൊക്കെയാണെങ്കിൽ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൊത്തത്തിൽ തന്നെയും അങ്ങനെ ചിന്തിക്കുമായിരുന്നു. ഈയിടെയായി മുസ്ലിംലീഗിൽ അത്തരമൊരു ചിന്താശേഷി കുറഞ്ഞുവരുന്നു. കുഞ്ഞാപ്പയ്ക്കാണെങ്കിൽ അങ്ങനെയൊരു ചിന്തയേ ഉണ്ടാവുന്നില്ലെന്ന് ആളുകളൊക്കെ അടക്കം പറയുന്നു. സർവകലാശാലകളിലെന്നല്ല, ഈ ഭൂഗോളത്തിൽ നിന്നുതന്നെ ഖാൻജിയെ പറപ്പിക്കാൻ കഴിയുന്നെങ്കിൽ അതാണ് നല്ലതെന്ന് കുഞ്ഞാപ്പ ചിന്തിച്ചത് പിണറായി സഖാവിനെ കണ്ടിട്ടൊന്നുമല്ല. അങ്ങനെയാരും തെറ്റിദ്ധരിക്കുകയും വേണ്ടാ.

എന്നാലും കുഞ്ഞാപ്പയുടെ ഖൽബിന്റെ ഖൽബിൽ പിണറായി സഖാവിനോട് വല്ല പ്രീതിയും ഉണ്ടോ? അതിന് കുഞ്ഞാപ്പ എങ്ങനെയെങ്കിലും ഒന്ന് മനസ് തുറന്നാലല്ലേ സംഗതി പിടികിട്ടൂ. അങ്ങനെയൊന്നുമില്ലെന്ന് തന്നെയാണ് സതീശൻജി ഉറച്ച് വിശ്വസിക്കുന്നത്. ഖാൻജിയോടുള്ള എതിർപ്പിനെ വല്ലാതെ തെറ്റിദ്ധരിക്കേണ്ടതില്ല.

ഇതൊക്കെ കാണുമ്പോൾ സതീശൻജിയുടെ മനസിൽ ആധി കൂടുന്നതേയുള്ളൂ. സർവകലാശാലകളിലെ പിണറായി സഖാവിന്റെ കോൽക്കളി അവസാനിപ്പിക്കണമെന്ന അദമ്യമായ ആഗ്രഹവുമായി നിയമസഭയിലേക്ക് വന്ന സതീശൻജിക്ക് നിങ്ങൾ ഖാൻജിയെ ഉച്ചാടനം ചെയ്തോളൂ എന്ന് സമ്മതിക്കേണ്ടിവന്നത് കുഞ്ഞാപ്പയുടെ സാന്നിദ്ധ്യം തൊട്ടടുത്തുണ്ടായതുകൊണ്ട് മാത്രമാണ്. ഖാൻജിയെ നീക്കി പിണറായി സഖാവിന്റെ ആൾക്കാരെ വയ്ക്കുന്നത് ശക്തിയുക്തം എതിർക്കുമെന്നൊക്കെ പുറത്ത് പറയാം. കെ.പി.സി.സി പ്രസിഡന്റ് കുമ്പക്കുടി സുധാകർജിക്ക് പറയാം. സുധാകർജിക്ക് പറയാൻ പ്രത്യേകിച്ച് ചെലവൊന്നുമില്ല. സതീശൻജിക്ക് അതങ്ങനെയല്ല. പുറത്ത് പറയുന്നതുപോലെ നിയമസഭയിൽ ചെന്നിരുന്ന് പറയുക പ്രയാസം.

അവിടെ കുഞ്ഞാപ്പ ഏത് രീതിയിലാണ് മനസ് തുറക്കുകയെന്ന് പറയുക സാദ്ധ്യമല്ല. തടികേടാകാതെ നോക്കേണ്ടത് ഏത് സതീശൻജിയുടേയും പ്രാഥമികമായ ആവശ്യമാണ്. കുഞ്ഞാപ്പ, ഖാൻജി, പിണറായി സഖാവ് എന്നിങ്ങനെ നേർവരിയിൽ വരുമ്പോൾ പിണറായി സഖാവ് വന്നാലും ഖാൻജി വരേണ്ട എന്നേ ചിന്തിക്കാൻ സാധിക്കൂ. അതല്ലെങ്കിൽ കുഞ്ഞാപ്പയുടെ വരി തെറ്റിയാലോ? സംഗതി നിയമസഭയാണ്.

ശരിക്കും പറഞ്ഞാൽ സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറദ്ദേഹത്തെ നീക്കുന്നതിനെ സതീശൻജി ശക്തിയുക്തം എതിർക്കേണ്ടതായിരുന്നു. എന്നാലിപ്പോൾ ഗവർണറദ്ദേഹത്തെ നീക്കിക്കോളൂ എന്ന് രാജീവൻമന്ത്രി സതീശൻജിയെക്കൊണ്ട് പറയിപ്പിച്ചിരിക്കുന്നു. കുഞ്ഞാപ്പ ഇഫക്ട് അങ്ങനെയാണ്. ഏത് രാജീവൻമന്ത്രിക്കും കാര്യം സാധിക്കും.

കുറച്ച് മുമ്പത്തെ അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ. കുഞ്ഞാപ്പയുടെ പാർട്ടിക്കാർ വിദ്യാഭ്യാസം ഭരിച്ചപ്പോൾ എന്തൊക്കെയാണ് പിണറായി സഖാവും മറ്റും പറഞ്ഞിട്ടുള്ളത്. അബ്ദുറബ്ബ് മന്ത്രിയെ നിലം തൊടീച്ചിട്ടില്ല. ഇന്നങ്ങനെയല്ല. കാലം മാറി. കുഞ്ഞാപ്പ എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യുന്നു. കുഞ്ഞാപ്പയ്ക്ക് ഖാൻ സാഹിബിനെ വേണ്ടെന്ന് പറഞ്ഞാൽ വേണ്ട. അത് പിണറായി സഖാവിനറിയാം. സതീശൻജിക്ക് നല്ലതുപോലെ അറിയാം.

ശരിക്കും പറഞ്ഞാൽ കുഞ്ഞാപ്പയെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെയും പറ്റി സതീശൻജിയുടെ മനസിലെന്തായിരിക്കും സംഗതി? കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നതായിരിക്കുമോ? എന്തരോ എന്തോ!

  

അറയ്ക്കൽ ബീവിക്ക് അരസമ്മതമാണെന്ന് സഖാവ് ഗോവിന്ദൻമാഷ് കരുതുന്നു. മുസ്ലിംലീഗിന്റെ പേരിൽത്തന്നെ വർഗീയതയുണ്ടെന്ന് മാഷ് കരുതുന്നില്ല. മാഷ് പറഞ്ഞതു തന്നെയാണ് ശരി. ഒരു മതത്തിന്റെ പേര് ചേർത്താൽ അതെങ്ങനെ വർഗീയതയാവും.

കാൾ മാർക്സ് മാഷോട് ഉപദേശിച്ചിരിക്കുന്നത് മൂർത്തമായ സന്ദർഭത്തിൽ മൂർത്തമായ തീരുമാനമെടുക്കാനാണ്. മുസ്ലിംലീഗിനെ ഉടനെ ഇപ്പുറത്തേക്ക് കൂട്ടി കോൺഗ്രസിനെയങ്ങ് കാച്ചിക്കളയാം എന്നൊന്നും മാഷ് ചിന്തിക്കുന്നില്ല. പക്ഷേ അരസമ്മതവുമായി അറയ്ക്കൽ ബീവി നിന്നാൽ പിന്നെയെന്ത് ചെയ്യാനാണ്. ലീഗും കൂടി വന്നാൽ പിന്നെയെന്ത് കോൺഗ്രസ്. അതുകൊണ്ട് മാഷ് പറഞ്ഞതുതന്നെയാണ് അതിന്റെയൊരു ഇത്. യേത് !

  

- ഹിമാചൽ പ്രദേശത്ത് കോൺഗ്രസിന് അറുപത്തിനാലെണ്ണത്തിൽ നാല്പത് സീറ്റുകൾ കിട്ടിയിട്ടുണ്ട്. പക്ഷേ 64 മുഖ്യമന്ത്രിമാരെ നിയമിച്ചാലും തികയാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനോട് പറഞ്ഞ് പത്ത്-നൂറ് സീറ്റുകൾ കൂടി ഉണ്ടാക്കിത്തരാൻ ഏർപ്പാടുണ്ടാക്കിയാൽ സംഗതി ഒരുവിധം പരിഹരിക്കപ്പെടുമായിരുന്നു.

അതിനിപ്പോൾ പാങ്ങില്ലാത്ത സ്ഥിതിക്ക് നാല്പത് മുഖ്യമന്ത്രിമാരെയും നാല്പത് ഉപമുഖ്യമന്ത്രിമാരെയും വച്ച് കാര്യങ്ങൾ പരിഹരിക്കുന്നത് നല്ലതായിരിക്കും എന്നാണ് ദ്രോണർക്ക് ഉപദേശിക്കാനുള്ളത്.

ഇ-മെയിൽ: dronar.keralakaumudi@gmail.com