photo-

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് സങ്കല്പമെങ്കിലും ദമ്പതികൾ ജീവിക്കുന്നത് ഭൂമിയിലായതിനാൽ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകാം. ചെറിയ ഭൂമികുലുക്കങ്ങളും ചുഴലിയുമൊക്കെ ആരുടേയും കുടുംബജീവിതത്തിലും ഉണ്ടാവുക സ്വാഭാവികം. എന്നാൽ കാറുംകോളും ഒഴിയുമ്പോൾ വീണ്ടും തോണി ശാന്തമായി ഒഴുകുന്നതുപോലെയാണ് ബഹുഭൂരിപക്ഷം വിവാഹബന്ധങ്ങളും. ആധുനികകാലത്ത് പല കാരണങ്ങളാൽ വിവാഹമോചനം കൂടിവരുന്നതായാണ് കാണുന്നത്.

സ്നേഹത്തോടൊപ്പം കുടുംബബന്ധങ്ങളെ പിടിച്ചുനിറുത്തുന്നത് പരസ്പരം അംഗീകരിക്കാനും ഉൾക്കൊള്ളാനുമുള്ള മനഃസ്ഥിതിയാണ്. കാലത്തിന് വേഗത കൂടിയതായി തോന്നിപ്പിക്കുന്ന ആധുനികകാലത്ത് ആൺകോയ്‌മകളൊന്നും പഴയതുപോലെ സഹിക്കപ്പെടില്ല. വിവാഹം കഴിക്കാനും മോചനം നേടാനും ഇക്കാലത്ത് പലരും തീരുമാനമെടുക്കുന്നത് ഏറെ ചിന്തിച്ചതിന് ശേഷമാണ്. പരസ്‌പരം ഒന്നിച്ച് ജീവിക്കാൻ മാനസികമായി തീരെ കഴിയില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്. ഉഭയസമ്മതപ്രകാരമല്ലെങ്കിൽ വിവാഹമോചനം അത്ര എളുപ്പമല്ല, കേസ് കോടതിയിൽ നീണ്ടുപോകാം. വക്കീൽ ഫീസിനത്തിൽ കനത്ത തുക ചെലവാക്കേണ്ടിയും വരും. വിവാഹമോചനം സംബന്ധിച്ച ഇപ്പോഴത്തെ രീതികൾ കുറേ ക്കൂടി ലളിതമാക്കേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തിൽ ഏകീകൃതനിയമം ആവശ്യമാണെന്ന് ക്രിസ്‌ത്യൻ വിവാഹമോചനം സംബന്ധിച്ച സുപ്രധാന വിധി പ്രസ്താവിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ഭരണാധികാരികൾ കണക്കിലെടുക്കേണ്ടതാണ്. ക്രിസ്തുമതത്തിൽപ്പെട്ടവർക്ക് ബാധകമായ 1869-ലെ വിവാഹമോചന നിയമത്തിലെ ഒരു പിന്തിരിപ്പൻ വ്യവസ്ഥ കോടതി റദ്ദാക്കുകയും ചെയ്തു. ഈ മതത്തിൽപ്പെട്ടവർക്ക് പരസ്പര സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാൻ വിവാഹം കഴിഞ്ഞ് കുറഞ്ഞത് ഒരുവർഷം കാത്തിരിക്കണമായിരുന്നു. അതാണ് കോടതി ഒഴിവാക്കിയത്. മൗലികാവകാശം ലംഘിക്കുന്നതും ഭരണഘടനാവിരുദ്ധമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞ ജനുവരി 30ന് വിവാഹിതരായ ദമ്പതികളാണ് ഹർജിക്കാർ. ഉഭയസമ്മതപ്രകാരം വിവാഹമോചനത്തിനായി ഇവർ മേയ് 31ന് എറണാകുളം കുടുംബകോടതിയെ സമീപിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമേ വിവാഹമോചന ഹർജി ഫയൽ ചെയ്യാനാവൂ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കോടതി ഹർജി സ്വീകരിച്ചില്ല. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനം അനുവദിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. മതനിരപേക്ഷ സമൂഹത്തിൽ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കു വേണ്ടിയായിരിക്കണമെന്നും അതിനാൽ ഏകീകൃത നിയമം വേണമെന്നും കോടതി ഇതോടൊപ്പം ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര സർക്കാർ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. അതോടൊപ്പം വിവാഹമോചനം ലളിതമാക്കുന്നതിന് ഇപ്പോൾ നിലവിലുള്ള രീതിയിൽ ഏതെല്ലാം തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന കാര്യത്തിലും ചർച്ചകൾ നടക്കേണ്ടതുണ്ട്.

ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് തീരുമാനിക്കുന്നവരെ രണ്ടുവഴിക്ക് വിടുന്നതാണ് രണ്ടുപേരുടെയും തുടർന്നുള്ള ജീവിതത്തിന് ഉചിതം. അതിൽ നിയമത്തിന്റെ പേരിൽ അനാവശ്യ കാലതാമസം വരുത്തുന്നത് ആർക്കും പ്രയോജനം ചെയ്യില്ല.