
തിരുവനന്തപുരം: ''സിൽവർലൈൻ വരും കേട്ടോ... ''എന്നതുപോലുള്ള മാസ് ഡയലോഗുകൾ മുഖ്യമന്ത്രി നിറുത്തണമെന്നും കഴിഞ്ഞ ആഴ്ചയിൽ എളമരം കരീമിന്റെ ചോദ്യത്തിന് കേന്ദ്ര റെയിൽവേമന്ത്രി കെ റെയിലിന്റെ അപ്രായോഗികതയെക്കുറിച്ച് വ്യക്തമായി മറുപടി നൽകിയിരുന്നെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.
നരേന്ദ്രമോദി സർക്കാർ ഒരിടത്തും സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ല. ഡി.പി.ആർ പൂർത്തിയാക്കാൻ റെയിൽവേ ഉന്നയിച്ച ചോദ്യത്തിന് മൂന്നുവർഷമായി മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല.മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയിലൊട്ടാകെ അനുവദിക്കുന്ന 75 ട്രെയിനുകളിൽ നിന്നും കേരളത്തിനും വന്ദേഭാരത് ട്രെയിൻ ലഭിക്കും. ഇക്കാര്യം റെയിൽവേ വകുപ്പുമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ വിഭജനത്തിന് കാരണമായ പാർട്ടിയാണ് മുസ്ലിംലീഗ്.പത്ത് വോട്ടിന്റെ പേരിൽ ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ഗോവിന്ദൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യണ്ടത് ഇ.എം.എസിന്റെ ഏതെങ്കിലും സ്മാരകത്തിന് മുന്നിൽ പോയി മാപ്പ് പറയുകയാണ്. ഇ.എം.എസിനെക്കാൾ വലിയ ബുദ്ധിജീവിയാണ് ഗോവിന്ദനെങ്കിൽ അവരുടെ പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്ക്
പ്രതിപക്ഷം കൂട്ടുനിൽക്കുന്നു: വി.മുരളീധരൻ
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടികൾക്ക് പ്രതിപക്ഷം കൂട്ടുനിൽക്കുകയാണെന്നും വി.ഡി.സതീശനാണ് തന്റെ വീടിന്റെ ഐശ്വര്യമെന്ന് പിണറായി വിജയൻ എഴുതിവയ്ക്കുന്ന നിലയിൽ കാര്യങ്ങൾ എത്തിയെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പരിഹസിച്ചു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന്റെ 14ാം വാർഷിക സമ്മേളനവും സർവകലാശാല സംരക്ഷണ സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ചെറുതായെങ്കിലും പിണറായി വിജയനെ വിമർശിക്കുമായിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാൻ പ്രതിപക്ഷം അനുകൂലിക്കുന്നതിന് കാരണം ലീഗിന്റെ സമ്മർദ്ദം കൊണ്ടുമാത്രമല്ല,തങ്ങൾക്കും ബന്ധു നിയമനം നടത്താൻ കൂടി ലക്ഷ്യമിട്ടാണ്. തന്റെ നൃത്ത വിദ്യാലയത്തിലെ കുട്ടികൾക്ക് യു.എസ് വിസ നൽകാമെന്ന് പറഞ്ഞുപറ്റിച്ച മല്ലിക സാരാഭായി ചാൻസലറാകുമ്പോൾ ഇവിടത്തെ കുട്ടികളും കരുതിയിരിക്കണം. കേരളത്തിലെ സർവകലാശാലകളിൽ പഠിക്കാതെ പ്രതിവർഷം 2 ലക്ഷം വിദ്യാർത്ഥികൾ മറ്റുരാജ്യങ്ങളിലേക്ക് പോകുന്നത്. സംസ്ഥാന ചട്ടങ്ങളും യു.ജി.സി ചട്ടങ്ങളും വ്യത്യസ്തമായാൽ യു.ജി.സി ചട്ടം മാത്രം നിലനിൽക്കൂ എന്നതാണ് നിയമം. അതിനാൽ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എസ്. അരുൺകുമാർ അധ്യക്ഷനായി. ആർ.എസ്.എസ് പ്രാന്ത സഹ സമ്പർക്ക പ്രമുഖ് എം.ജയകുമാർ,ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് ഉപാദ്ധ്യക്ഷൻ ഡോ. വി. രഘുനാഥ്,കേരള സർവകലാശാല സെനറ്റ് അംഗം ഡോ.വിനോദ് കുമാർ,എ.ബി.വി.പി ദേശീയ എക്സിക്യുട്ടീവ് സെനറ്റ് അംഗം വൈശാഖ് സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.