rajani1

തിരുവനന്തപുരം: 'സത്യൻ മാഷിന്റെ കൈയിലിരിക്കുന്നത് ആരാണെന്നറിയാമോ? അത് ഞാനാ. ഈ ചിത്രങ്ങൾ അക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു'- 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച സത്യൻ സ്മൃതി ഫോട്ടോ പ്രദർശനം കാണാനെത്തിയ രജനി രതീഷിന്റെ വാക്കുകളാണിത്. 60കളിൽ മലയാള സിനിമയിലെ തിരക്കുള്ള ബാലതാരമായിരുന്നു ബേബി രജനിയെന്ന രജനി രതീഷ്. നടി ഉഷാറാണിയുടെ സഹോദരിയായ രജനി ഇന്ന് മോണ്ടിസോറി സ്കൂൾ നടത്തുന്ന അദ്ധ്യാപികയാണ്. 'നല്ല ഭക്ഷണപ്രിയനായിരുന്നു സത്യൻ മാഷ്. ചെന്നൈയിലെ ഞങ്ങളുടെ വീട്ടിൽ മുന്നറിയിപ്പില്ലാതെയാവും അദ്ദേഹം ഉച്ചഭക്ഷണം കഴിക്കാനെത്തുക. നഴ്സായ അമ്മ പച്ചത്തക്കാളിയൊക്കെയിട്ട് പെട്ടന്നൊരു കറിവയ്ക്കും.അതാണ് സ്പെഷ്യൽ.ഇവിടത്തെ ഓരോ ചിത്രങ്ങളും മധുരതരമായ ഓർമ്മകൾ സമ്മാനിക്കുന്നു'- രജനി പറഞ്ഞു. വിവിധ ഭാഷകളിലായി 50 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള രജനി വിവാഹിത, അരനാഴിക നേരം, കാർത്തിക,കാട്ടുകുരങ്ങ്,അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ സത്യനൊപ്പം അഭിനയിച്ചിട്ടുണ്ട്. 1969ൽ റിലീസ് ചെയ്ത കാട്ടുകുരങ്ങിൽ രജനിയെ സത്യൻ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാം ക്ളാസിൽ പഠിക്കുമ്പോൾ അഭിനയത്തോട് വിടപറഞ്ഞു. പിന്നീട് പഠിത്തവും ജോലിയും കുടുംബവുമൊക്കെയായി തിരക്കിലായെങ്കിലും ഇനി അവസരങ്ങൾ വന്നാൽ വെള്ളിത്തിരയിൽ എത്തുമെന്നാണ് രജനി പറയുന്നത്. ഭർത്താവ് രതീഷ് ബിസിനസുകാരനാണ്. മകൻ റാമും കുടുംബവും കാനഡയിൽ താമസം. മകൾ രശ്മിയും കുടുംബവും എറണാകുളത്തുണ്ട്.