himats-light

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആലംകോട് ജംഗ്ഷനിൽ ഹൈമാസ്റ്റ്സ് ലൈറ്റുകൾ ഒന്നല്ല രണ്ടുണ്ട്. പക്ഷേ ഒന്നും പ്രവർത്തിക്കില്ലെന്നുമാത്രം. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ആലംകോട് ജംഗ്ഷന് ആണ് ഈ ദുരവസ്ഥ. പല സന്ദർഭങ്ങളിലായി ആറ്റിങ്ങൽ നഗരസഭയും എം.എൽ.എ ഫണ്ടും വിനിയോഗിച്ച് സ്ഥാപിച്ചതാണ്. രണ്ട് ലൈറ്റുകൾ കത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ലൈറ്റുകൾ സ്ഥാപിച്ചു മാസങ്ങൾക്കുള്ളിൽ ബൾബുകൾ തകരാറിലായി. ഏകദേശം ഒരു വർഷം കഴിയുമ്പോൾ പൂർണമായും നിലയ്ക്കും. ഇവയുടെ അറ്റകുറ്റ പണിയുടെ ബാദ്ധ്യത ഏറ്റെടുക്കുവാൻ ആരും തയാറകില്ല. ഇതോടെയാണ് ഹൈ മാസ്റ്റ്സ് ലൈറ്റിന് ചിലവഴിച്ച തുകയും ഉപയോഗ ശൂന്യമാകുന്നത്. രാത്രിയും പകലും സജീവമായ ജംഗ്ഷൻ ആണ് ആലംകോട്. ദേശീയ പാതയെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന കിളിമാനൂർ റോഡ്, മത്സ്യ ഗ്രാമം ആയ അഞ്ചുതെങ്ങ് റോഡ് എന്നിവ ദേശീയപാതയിൽ വന്നു ചേരുന്നത് ആലംകോട് ജംഗ്ഷനിലാണ്. മുതലപൊഴി ഹാർബറിൽ നിന്നും കൊച്ചി തുറമുഖത്തെക്കുള്ള വാഹനങ്ങൾ കൂടുതലും രാത്രിയിലാണ് ഇതു വഴി കടന്നു പോകുന്നത്. താലൂക്കിലെ ഏറ്റവും വലിയ മത്സ്യമൊത്ത വിപണന കേന്ദ്രം പ്രവർത്തിക്കുന്നതും ഈ ജംഗ്ഷനിൽ ആണ്. പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള മത്സ്യം വാഹനങ്ങൾ വൈകിട്ടോടെ ഇവിടെ എത്തി തുടങ്ങും. അർദ്ധ രാത്രിയോടെ മാർക്കറ്റ് സജീവമാകും. താലൂക്കിലെ വലിയൊരു വിഭാഗം ചെറുകിട മത്സ്യ കച്ചവടക്കാർ ഈ മാർക്കറ്റിനെ ആശ്രയിക്കുന്നുണ്ട്. ഈ മാർക്കറ്റിന് സമീപത്ത് ആണ് ഒരു ഹൈമസ്റ്റ്സ് ലൈറ്റ് സ്ഥിതി ചെയ്യുന്നത്. രാത്രി കാലത്ത് വെളിച്ചം അത്യാവശ്യമായിട്ടുള്ള ഒരു മേഖലയാണിത്. പക്ഷേ ഉള്ള വെളിച്ച സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ പോലും ബന്ദപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.