കാട്ടാക്കട:കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തച്ചൻകോട് - കോട്ടൂർ - കാപ്പുകാട് ബസ് സർവീസ് നിർത്തിയതോടെ പുലർച്ചേയുള്ള യാത്രാക്ലേശം രൂക്ഷമായി. രാവിലെ 5.20നുള്ള ബസ് കഴിഞ്ഞ ഒരു മാസമായി ഓപ്പറേറ്റ് ചെയ്യുന്നില്ല. ശബരിമലയുടെ പേര് പറഞ്ഞാണ് അധികൃതർ ഡ്യൂട്ടി നമ്പർ 23 എന്ന ഷെഡ്യൂൾ തുടങ്ങാതിരിക്കുന്നത്. ഈ ഷെഡ്യൂളിന്റെ ആറ് ട്രിപ്പും കോട്ടൂർ വഴി ആരംഭിക്കുന്നവയാണ്. തച്ചൻകോട് - ഉത്തരംകോട് - തുറന്ന ജയിൽ - കാപ്പുകാട് - വ്ലാവെട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് 6 ട്രിപ്പും സർവീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളെ കുത്തിനിറച്ചുള്ളതാണ് ഈ സർവീസുകൾ. ബസ് സർവീസ് മുടങ്ങിയതിനാൽ വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരായ തൊഴിലാളികളും വളരെയേറെ ബുദ്ധിമുട്ടിലാണ്. കൊറോണ കാലത്തിനുമുൻപ് കോട്ടൂരിൽ നിന്നും രാവിലെ 5ന് കാട്ടാക്കട നിന്നുമുള്ള സ്റ്റേ സർവീസാണ് ട്രെയിനിൽ പോയിവന്നിരുന്ന യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്നത്. വ്ലാവെട്ടിയിൽ നിന്നുള്ള സ്റ്റേ സർവീസും നാളിതുവരെയായിട്ടും തുടങ്ങിയിട്ടില്ല. രാവിലെ 5.40ന് കോട്ടൂരിൽ നിന്നും നെടുമങ്ങാട് വഴി ഉണ്ടായിരുന്ന ഒരു ഫാസ്റ്റ് ബസും ഇതുവരെ ആരംഭിച്ചിട്ടില്ല. രാവിലെ 6.25ന് കോട്ടൂരിൽ നിന്നും കാട്ടാക്കട വഴിയുള്ള മെഡിക്കൽ കോളേജ് ബസാണ് കോട്ടൂരിൽ നിന്നുള്ള ആദ്യ സർവീസ്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് പോലും സീറ്റ് കിട്ടാറില്ല. രാവിലെ 5.30ന് കോട്ടൂരിൽ നിന്നും ഒരു സർവീസ് തുടങ്ങണമെന്നാണ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം.