basil

തിരുവനന്തപുരം: സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാഡമി അവാർഡിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി നടൻ കൂടിയായ ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന സിനിമയാണ് ബേസിലിനെ അവാർഡിന് അർഹനാക്കിയത്. 16 രാജ്യങ്ങളാണ് പുരസ്‌കാരത്തിന് മത്സരിച്ചത്. ഫൈനൽ റൗണ്ടിൽ ജപ്പാൻ സംവിധായകൻ ഗെകിദാൻ ഹിതോറി സംവിധാനം ചെയ്ത അസാകുസ കിഡ് എന്ന സിനിമയെക്കാൾ 0.17 പോയിന്റ് കൂടുതൽ നേടിയാണ് ബേസിൽ മലയാളത്തിന്റെ അഭിമാനമായത്.

മലയാള സിനിമയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഈ പുരസ്‌കാരം മലയാളത്തെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്നും മറുപടി പ്രസംഗത്തിൽ ബേസിൽ പറഞ്ഞപ്പോൾ സദസിൽ നിറഞ്ഞ കൈയടി ഉയർന്നു.

'' ഏഷ്യൻ അക്കാഡമി അവാർഡിൽ 16 രാജ്യങ്ങളിൽ നിന്ന് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു.

മലയാള സിനിമാപ്രവർത്തകർ എപ്പോഴും സ്വയം പ്രചോദിപ്പിക്കും. ഭരതൻ,​ പദ്മരാജൻ,​ കെ.ജി.ജോർജ് തുടങ്ങിയ മികച്ച സംവിധായകർ മലയാളത്തിന്റെ അഭിമാനമാണ്. എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ളിക്സ്, ടൊവിനോയും തോമസും ഗുരു സോമസുന്ദരവും അടക്കമുള്ള അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകൻ തുടങ്ങി എല്ലാവരെയും ഞാൻ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും നന്ദിയുണ്ട്. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സൂപ്പർ ഹീറോ ഉണ്ടാവില്ലായിരുന്നു.'' - ബേസിൽ പറഞ്ഞു.

ബേസിലിനെ നടൻ മോഹൻലാലും അഭിനന്ദിച്ചു. അഭിനന്ദനങ്ങൾ ബേസിൽ ജോസഫ്. നീ ഞങ്ങളുടെ അഭിമാനമാണ് എന്നാണ് ലാൽ ട്വിറ്ററിൽ എഴുതിയത്.