മുടപുരം: ചിറയിൻകീഴ് നിന്നും കോരാണി വഴി തിരുവനന്തപുരത്തേക്ക് എല്ലാദിവസവും സർവീസ് നടത്തികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് കാട്ടുമുറാക്കൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കിഴിവിലത്തു നിന്ന് ഉൾപ്പെടെ തിരുവനന്തപുരം ടൗണിലേക്ക് ജോലിക്കും പഠന ആവശ്യങ്ങൾക്കുമായി നിരവധി യാത്രക്കാർ സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്ന സർവീസാണ് കഴിഞ്ഞ രണ്ടു വർഷമായി നിറുത്തിവെച്ചിരിക്കുന്നത്. ഇത് നാട്ടുകാർക്ക് രൂക്ഷമായ യാത്രാക്ലേശം സൃഷ്ടിക്കുന്നു. അതിനാൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തി സർവീസുകൾ പുനരാരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിഅംഗം മുഹമ്മദ്‌ ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം എ. അൻവർഷാ ഉദ്ഘാടനം ചെയ്തു. സിബിൻ സലിം സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു. ഫയാസ് മുഹമ്മദിനെ പ്രസിഡന്റായും ആസിഫിനെ സെക്രട്ടറിയായുമുള്ള 15 അംഗ യൂണിറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.