തിരുവനന്തപുരം: അമ്മയും അച്ഛനും പറഞ്ഞുതന്നതിനപ്പുറം മുത്തച്ഛന്റെ ചിത്രങ്ങൾ കണ്ട ആകാംക്ഷയിലായിരുന്നു നടൻ സത്യന്റെ പേരക്കുട്ടി ഡോ.ആശ ജീവൻ സത്യൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ ആരംഭിച്ച 'സത്യൻ സ്മൃതി' ഫോട്ടോ പ്രദർശനത്തിന് കുടുംബസമേതം എത്തിയതായിരുന്നു ഗായികയും അദ്ധ്യാപികയുമായ ആശ. മകൾ നവൊമി ഹന്ന ലിജോയും അമ്മയുടെ കൈകളിലിരുന്ന് മുതുമുത്തച്ഛന്റെ സിനിമാ ജീവിതം നോക്കിക്കണ്ടു.പപ്പയ്ക്കു വേണ്ടി ചലച്ചിത്ര അക്കാഡമി ഒരുക്കിയ മികച്ച ട്രിബ്യൂട്ടാണ് ചിത്രപ്രദർശനമെന്ന് സത്യന്റെ മകൻ ജീവൻ സത്യൻ പറഞ്ഞു. മറ്റൊരു മകനായ സതീഷ് സത്യനും എത്തിയിരുന്നു. പ്രേംനസീർ,സത്യൻ, ഷീല, അംബിക, ശാരദ, തിക്കുറിശ്ശി, അടൂർഭാസി, ബഹദൂർ, രാജ് കപൂർ, അശോക് കുമാർ, കവിയൂർ പൊന്നമ്മ, കൊട്ടാരക്കര ശ്രീധരൻ നായർ, കെ.ആർ. വിജയ, മായ തുടങ്ങിയ പ്രതിഭകൾക്കൊപ്പമുള്ള സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സത്യന്റെ അന്ത്യയാത്രയും ചിത്രപ്രദർശനത്തിൽ ഇടംനേടിയിട്ടുണ്ട്.
അനർഘനിമിഷം
മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകളാണ് അനർഘനിമിഷം എന്ന വിഭാഗത്തിലുള്ളത്. ഇതുകൂടാതെ മലയാളസിനിമയുടെ അഭിമാനമായ താരങ്ങളുടെയും സംവിധായകരുടെയും ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. രാവിലെ പ്രദർശനം എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തയുടൻ പ്രശസ്തരായ സിനിമാ പ്രവർത്തകരുൾപ്പെടെ നിരവധി പ്രതിനിധികൾ ചിത്രപ്രദർശനവേദിയിലേക്ക് ഒഴുകിയെത്തി.സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയായി അക്കാഡമി ഒരുക്കിയ ചിത്രപ്രദർശനത്തിൽ സിനിമയിൽ സജീവമായിരുന്ന 20 വർഷത്തെ 110 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എഴുത്തുകാരൻ സക്കറിയ,ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്,വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്,അക്കാഡമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി,സംവിധായകനും നടനുമായ സിദ്ധാർത്ഥ് ശിവ, താരങ്ങളായ ഹരിശ്രീ അശോകൻ,രജനി രതീഷ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.