
സ്റ്റെൽ മന്നൻ രജനികാന്തിന് ഇന്ന് 72-ാം പിറന്നാൾ. വൻ ആഘോഷമാക്കാൻ ആരാധകലോകം .
72 -ാം വയസിലും വെള്ളിത്തിരയിൽ സജീവമാണ് തലൈവർ. ആരാധക പിന്തുണയിൽ എം.ജി. ആറിനെ പോലെയാണ് രജനികാന്ത്. പാവപ്പെട്ടവരുടെ രക്ഷകൻ എന്ന പ്രതിച്ഛായാണ് രണ്ടുപേർക്കും. മങ്ങാത്ത കോടി മൂല്യമാണ് ഇപ്പോഴും രജനികാന്ത് എന്ന നടന്. സിനിമ ജീവിതത്തിന്റെ 47-ാം വർഷത്തിലും ആ പ്രഭാവലയത്തിന് മാത്രം മങ്ങലില്ല.
വില്ലൻ, സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ അവസാനം തലൈവർ എന്ന വിശേഷണത്തിൽ എത്തിനിൽക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലാണ് ആ സിനിമ ജീവിതം . മാതൃഭാഷയായ മറാത്തിയിൽ മാത്രം അഭിനയിച്ചിട്ടില്ല. ജപ്പാനിൽ ആദ്യമായി ആരാധക വൃന്ദത്തെ ഉണ്ടാക്കിയ ഇന്ത്യൻ നടൻ രജനികാന്താണ്.
200 ലധികം ദിവസമാണ് ജപ്പാനിൽ മുത്തു എന്ന രജനി ചിത്രം പ്രദർശിപ്പിച്ചത്. അനാരോഗ്യം അലട്ടുമ്പോഴും വെള്ളിത്തിരയിൽ പ്രസരിപ്പോടെ നിൽക്കുന്ന മറ്റൊരു നടനില്ല. എല്ലാ അർത്ഥത്തിലും രജനികാന്ത് ഒരു പ്രതിഭാസമാണ്.
രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായ ബാബ എന്ന ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പ് ഇരുപതുവർഷത്തിനുശേഷം കഴിഞ്ഞ ദിവസം ചെന്നൈയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ആരാധകർക്ക് രജനികാന്തിന്റെ പിറന്നാൾ സമ്മാനമാണ്. പുതുതലമുറയെ ആകർഷിക്കുന്ന തരത്തിലാണ് ബാബ റീ എഡിറ്റ് ചെയ്തിട്ടുള്ളത്. ഒാരോ ഫ്രെയിമിലും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കളർ ഗ്രേസിംഗ്. നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് റിലീസിന് ഒരുങ്ങുന്ന രജനികാന്ത് ചിത്രം. എല്ലാ അർത്ഥത്തിലും രജനി സ്റ്റെലിലാണ് ജയിലർ . രജനികാന്തിനൊപ്പം രണ്ട് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുമായി ലൈക പ്രൊഡക്ഷൻസും എത്തുന്നു. അടുത്തവർഷം മദ്ധ്യത്തിലാണ് ചിത്രീകരണം . ആദ്യചിത്രം ഡോൺ ഒരുക്കിയ സിബി ചക്രവർത്തി സംവിധാനം ചെയ്യും . മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിന് അതിഥി വേഷം.