
കഴക്കൂട്ടം: വർഷങ്ങളായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയ കണിയാപുരത്ത് റെയിൽവേ ഓവർബ്രിഡ്ജിനായി പൊതുജന അഭിപ്രായം സ്വരൂപിക്കാൻ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ അടക്കം വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ നൂറുകണക്കിന് പേർ പങ്കെടുത്തു.
ഓവർബ്രിഡ്ജിനായി ജനപ്രതിനിധികൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അഭിപ്രായം ഉയർന്നപ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരും ഉപജീവനം ഇല്ലാതാകുന്ന വ്യാപാരികളും അവരുടെ ആശങ്കകളും യോഗത്തിൽ പങ്കുവച്ചു. ഇരുവശത്തും തുല്യമായി ഭൂമി ഏറ്റെടുക്കണമെന്ന അഭിപ്രായങ്ങൾ ഉയർന്നുവെങ്കിലും ആർക്കും ദോഷം വരാത്തവിധം ചർച്ച ചെയ്തു മാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്ന് പ്രസിഡന്റ് ഹരികുമാർ പറഞ്ഞു.
പാലം വരും മുൻപ് അത്യാവശ്യമായി കണിയാപുരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഓവർബ്രിഡ്ജ് വേണമെന്ന ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്ത് വരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ റെസ്യൂലക്ഷൻ പാസാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ യോഗത്തിൽ ഉറപ്പ് നൽകി. ഇതിന് പുറമെ കണിയാപുരം വഴി കടന്നുപോകുന്ന രണ്ടുവശവും കെട്ടിയടച്ചുകൊണ്ടുള്ള ദേശീയപാത എലിവേറ്റഡ് ഹൈവേയായി നിർമ്മിക്കാൻ കേന്ദ്രമന്ത്രിക്കും മറ്റും നിവേദനം നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.