
തിരുവനന്തപുരം: എം.എൻ ഗോവിന്ദൻ നായരുടെ സ്മരണാർത്ഥം എം. എൻ ഫാമിലി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 15-ാമത് എം.എൻ വിദ്യാർത്ഥി പുരസ്‌കാരം നഷീദ ബാനു പി.കെയ്ക്ക് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. എം.എന്നിന്റെ 112-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് വഴുതക്കാട് റോസ്ഹൗസിൽ നടന്ന ചടങ്ങ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം സ്വദേശികളായ അബ്ദുൽ കരീമിന്റെയും ഷാഹിനയുടെയും മകളായ നഷീദ ബാനു അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്.
എം.എൻ സ്ഥാപിച്ച കേരളത്തിലെ ലക്ഷം വീടുകളിൽ നിന്ന് എസ്.എസ്.എൽ.സിയ്ക്ക് ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്കാണ് പ്രശസ്തി പത്രവും കാൽലക്ഷം രൂപയും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. ഫൗണ്ടേഷൻ പ്രസിഡന്റ് സി.സി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ ട്രഷറർ എം.ജി രാധാകൃഷ്ണൻ,ജോയിന്റ് സെക്രട്ടറി കെ.ബി പ്രഭ,എ. ഗിരിജകുമാരി തുടങ്ങിയവർ പങ്കെടുത്തു.