
തിരുവനന്തപുരം: മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ഓരോരുത്തരും ബോധവാന്മാരായാൽ നിയമവും നീതിയും നടപ്പാക്കൽ എളുപ്പമാവുമെന്നും മനുഷ്യാവകാശ സംരക്ഷണം സ്കൂൾതലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും അതീതമാണ് മനുഷ്യനും ജന്മനാ സിദ്ധിച്ച അവകാശങ്ങളും. ലോകത്ത് ജാതിയും മതവും ഇല്ലാത്തത് ആശുപത്രിയിൽ മാത്രമാണ്. രക്തവും അവയവവും സ്വീകരിക്കുമ്പോൾ ദാതാവിന്റെ ജാതിയും മതവും ആരും നോക്കാറില്ല. ഈ ബോദ്ധ്യം എല്ലാവർക്കുമുണ്ടായാൽ ഒരാളുടെയും അവകാശങ്ങൾ ലംഘിക്കപ്പെടില്ല. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും കുടിയേറിയവർക്കുമുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ച് വ്യക്തമായ അടിസ്ഥാനം സൃഷ്ടിക്കാൻ 74 വർഷങ്ങൾക്ക് മുമ്പ് മനുഷ്യാവകാശ പ്രഖ്യാപനത്തിന് കഴിഞ്ഞു. സ്‌കൂളിലും ജോലി സ്ഥലങ്ങളിലും മാത്രമല്ല വീടുകളിലും മനുഷ്യാവകാശം പ്രധാനപ്പെട്ടതാണ്. രാജ്യത്തെ മനുഷ്യാവകാശ കമ്മിഷനുകളിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നത് കേരളത്തിലെ കമ്മിഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാർക്കും നിർദ്ധനർക്കും അന്യസംസ്ഥാനക്കാർക്കും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
കമ്മിഷൻ അംഗങ്ങളായ വി.കെ. ബീനാകുമാരി, കെ.ബൈജുനാഥ്, നിയമ സെക്രട്ടറി വി.ഹരി നായർ, ഡി.ജി.പി ടോമിൻ തച്ചങ്കരി, ബാലാവകാശ കമ്മിഷൻ മുൻ അദ്ധ്യക്ഷ ശോഭാ കോശി തുടങ്ങിയവർ സംസാരിച്ചു. കമ്മിഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ സ്വാഗതവും രജിസ്ട്രാർ ജി.എസ്.ആശ നന്ദിയും പറഞ്ഞു.