
വിഴിഞ്ഞം: അടുത്ത ആഴ്ച മുതൽ വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്ത് ഡ്രഡ്ജിംഗ് തുടങ്ങും. ഇതിന്റെ ഭാഗമായി ഡ്രഡ്ജർ ശാന്തിസാഗർ 10 കൊല്ലത്ത് എത്തി. വൈകാതെ വിഴിഞ്ഞത്ത് എത്തും. തുടർന്ന് കൂറ്റൻ ക്രെയിനുകളും എസ്കലേറ്ററുകളും സജ്ജീകരിക്കും. ഇപ്പോൾ മുക്കോലയിൽ പാർട്സുകളായി എത്തിച്ച എസ്കലേറ്ററുകളും കൂറ്റൻ ക്രെയിൻ ഭാഗങ്ങളും തുറമുഖ നിർമ്മാണ സ്ഥലത്ത് എത്തിച്ചാണ് കൂട്ടിയോജിപ്പിക്കുന്നത്.
ശാന്തി സാഗർ 10 നൊപ്പം ആവശ്യമെങ്കിൽ കൂടുതൽ ഡ്രഡ്ജറുകൾ എത്തിച്ച് നിർമ്മാണം വേഗത്തിലാക്കുമെന്ന് അധികൃതർ പറഞ്ഞു. കല്ലുകൾ എത്തിക്കുന്നതിനായി സ്‌പ്ളിറ്റ് ഓപ്പൺ ബാർജുകൾ ഉൾപ്പെടെ 12 ബാർജുകൾ കൊല്ലം തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. പ്രതിദിനം 7000 മെട്രിക് ടൺ കല്ലുകളാണ് കടലിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതൽ കല്ലുകൾ എത്തുന്ന മുറയ്ക്ക് കല്ല് നിക്ഷേപം 10000 മെട്രിക് ടണ്ണായി ഉയർത്തും.
നിർമ്മാണം പുരോഗമിക്കുന്ന പുലിമുട്ടിന്റെ കരയിൽ നിന്ന് കാണാവുന്ന നീളം 1350 മീറ്ററായിട്ടുണ്ട്. അതേസമയം കടലിന്റെ അകത്തട്ടിൽ 1850 മീറ്ററായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
2500നും 2600നും ഇടയിലാകും ആദ്യഘട്ട പുലിമുട്ടിന്റെ നീളം. ഇതിന്റെ മുകളിലാണ് ഇപ്പോൾ കരിങ്കല്ലുകൾ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. പുലിമുട്ട് നിർമ്മാണത്തോടൊപ്പം ബർത്ത് നിർമ്മാണവും നടക്കുകയാണ്. ഇത് പുരോഗമിക്കുന്നതോടൊപ്പം ബർത്തിനും കരയ്ക്കും ഇടയ്ക്കുള്ള കടൽ ഭാഗം മണ്ണിട്ട് നികത്തും. ഇതിനുശേഷം കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ കരയ്ക്ക് എത്തിക്കുന്ന കൂറ്റൻ ക്രെയിനുകൾ സ്ഥാപിക്കും. അടുത്ത മേയ് മാസത്തോടെ ഈ ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇവ സ്ഥാപിക്കുന്നതോടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകുമെന്നും നിശ്ചയിച്ച സമയത്തുതന്നെ വിഴിഞ്ഞം തുറമുഖത്ത് കപ്പൽ അടുക്കുമെന്നും അധികൃതർ പറഞ്ഞു.