airport

തിരുവനന്തപുരം: റൺവേയ്ക്ക് രണ്ട് വർഷത്തിനകം മാനദന്ധ പ്രകാരമുള്ള ബേസിക് സ്ട്രിപ്പ് ഒരുക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടും സ്ഥലം നൽകാതെ സർക്കാർ.

ബേസിക് സ്ട്രിപ്പിനായി റൺവേയുടെ ഇരുവശത്തും 150 മീറ്റർ വീതിയിൽ സ്ഥലം ഒഴിച്ചിടണമെന്നാണ് അന്താരാഷ്ട്ര ചട്ടം. വിമാന ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

റൺവേയുടെ പലഭാഗത്തും 20മീറ്റർ വരെ കുറവുണ്ട്. ഈ സുരക്ഷ ഒരുക്കാൻ 18 ഏക്കർ ഭൂമി ഏറ്റെടുക്കണം. രണ്ട് ഏക്കറൊഴികെ ബാക്കിയെല്ലാം സർക്കാർ ഭൂമിയാണ്. പണം നൽകാമെന്ന് അദാനി അറിയിച്ചിട്ടും സർക്കാർ അനങ്ങുന്നില്ല.

അദാനിയുടെ അപേക്ഷയും ഭൂമിയേറ്റെടുക്കാനുള്ള നിർദ്ദേശവും ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. വിമാനത്താവള സ്വകാര്യവത്കരണത്തിന് എതിരാണ് സർക്കാരെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഫയൽ മാറ്റിവച്ചു.

3373മീറ്റർ നീളവും 150അടി വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ. അപകടങ്ങളൊഴിവാക്കാനാണ് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പ് വേണ്ടത്. പരിശോധന നടക്കുമ്പോൾ സമയം നീട്ടിചോദിക്കുകയാണ് പതിവ്.

ഏറ്റെടുക്കേണ്ട ഭൂമി

ചാക്കയിലെ ബ്രഹ്‌മോസ്, ഫയർഫോഴ്സ് സ്റ്റേഷൻ പ്രദേശത്തെ ശംഖുംമുഖം റോഡിന്റെ ഭാഗമാണ് ഏറ്റെടുക്കേണ്ടത്. അപ്പോൾ റോഡ് കിഴക്കോട്ട് മാറ്റി നിർമ്മിക്കേണ്ടി വരും. ഏറ്റെടുക്കുന്ന ഭൂമിക്ക് സർക്കാർ നിശ്ചയിക്കുന്ന വിലയും നഷ്ടപരിഹാരവും നൽകാമെന്ന് അദാനി അറിയിച്ചിരുന്നു.

എയർപോർട്ട് ഭൂമി

വളരെ കുറവ്

( ഏക്കറിൽ)

തിരുവനന്തപുരം.............628.70

കണ്ണൂർ..................................3200

കൊച്ചി..................................1300

ബംഗളുരു............................5200

270കോടി

ചെലവിൽ 18.3ഏക്കർ സ്വകാര്യഭൂമി വിമാനത്താവള വികസനത്തിന് ഏറ്റെടുക്കാൻ വിജ്ഞാപനം ഇറക്കിയെങ്കിലും അദാനി വന്നതോടെ മരവിപ്പിച്ചു.