വർക്കല : കഞ്ചാവ് ഉപയോഗിക്കാൻ വിസമ്മതിച്ചതിന് വർക്കലയിൽ വിദ്യാർത്ഥിയെ വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചു. വർക്കല കിഴക്കേപ്പുറം ഇ.പി കോളനിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ലഹരി മാഫിയയുടെ മർദ്ദനത്തിന് ഇരയായത്. വയറ്റിലും കവിളിലും മാരകമായി പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കഴിഞ്ഞ ദിവസം വീടിനു സമീപത്തുള്ള കുളത്തിൽ കുളിക്കാൻ എത്തിയ വിദ്യാർത്ഥിയെ വഴിയരികിൽ ഇരുന്ന നാലംഗസംഘം ആദ്യം ബീഡി വലിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ, കഞ്ചാവാണെന്നും വലിച്ചാൽ നല്ല സുഖം കിട്ടുമെന്നും പ്രലോഭിപ്പിച്ചപ്പോൾ കുട്ടി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നെന്ന് അയിരൂർ പൊലീസിൽ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ആക്രമണം നടക്കുമ്പോൾ മാതാപിതാക്കൾ വീടിനോടു ചേർന്നുള്ള ഷെഡിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തുമ്പേൾ മൂക്കിലും ചെവിയിൽ നിന്നു രക്തം വാർന്നൊലിച്ച് അവശ നിലയിലായിരുന്നു കുട്ടി. അക്രമികൾ ഇതിനിടെ ഓടി രക്ഷപ്പെട്ടു.

കൂട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം നടക്കുകയാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു.