padmarajan

തിരുവനന്തപുരം: ചിത്രം കണ്ടാൽ ജീവൻ തുടിക്കുന്ന പോലെ... കണ്ണ് അറിയാതെ നിറഞ്ഞുപോയി മലയാളികളുടെ പ്രിയ സംവിധായകൻ പദ്മരാജന്റെ പത്നി രാധാലക്ഷ്മി പദ്മരാജന്. അച്ഛന്റെ ചിത്രത്തിനു മുന്നിൽ വിതുമ്പിയ അമ്മയെ മകൻ അനന്തപദ്മനാഭൻ ചേർത്തുപിടിച്ചു. പുനലൂർ രാജന്റെ കാമറ പകർത്തിയ 100 ഫോട്ടോകളടങ്ങിയ 'അനർഘനിമിഷ'മെന്ന ചിത്രപ്രദർശനത്തിനിടെയാണ് പദ്മരാജന്റെ പ്രിയപത്നിയുടെ കണ്ണുകൾ ഈറനണിഞ്ഞത്.

പത്മരാജന്റെ 'നക്ഷത്രങ്ങളെ കാവൽ' എന്ന നോവൽ സിനിമയാക്കുമ്പോൾ അഭിനയിക്കാമെന്ന് സത്യൻ പറഞ്ഞിരുന്നത് രാധാലക്ഷ്മി ഓർത്തു. അതിനുമുമ്പ് സത്യൻ മരണത്തിന് കീഴടങ്ങി. കെ.എസ് സേതുമാധവൻ പത്മരാജന്റെ തിരക്കഥയിൽ 1978ൽ സിനിമ സംവിധാനം ചെയ്തു.

'പത്മരാജൻ എന്റെ ഗന്ധർവൻ' എന്ന പേരിൽ പുസ്തകവും രചിച്ചിട്ടുണ്ട് രാധാലക്ഷ്മി. അറുപതുകളിലും എഴുപതുകളിലും മലയാള സിനിമയെ വളർത്തിയവർ... അഭിനേതാക്കൾ, സംവിധായകർ, ഗായകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങി നിരവധി പ്രതിഭകളെയാണ് അനർഘനിമിഷത്തിലൂടെ ചിത്രങ്ങളായി ആരാധകർക്കു മുന്നിലെത്തിച്ചത്.