
തിരുവനന്തപുരം: മുതിർന്ന ഡി.ജി.പിയും മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗം തലവനുമായ ടോമിൻ തച്ചങ്കരിയെ കൈക്കൂലിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നിർദ്ദേശത്തെതുടർന്നാണിത്. 2016ൽ ഗതാഗത കമ്മിഷണറായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയിരുന്നു.
തച്ചങ്കരിക്ക് 2023 ജൂലായ് വരെയാണ് സർവീസുള്ളത്. ഇതിനിടെ, സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുമോയെന്ന് കണ്ടറിയണം.
പാലക്കാട് ആർ.ടി.ഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതാണ് കേസിനാധാരം. ആർ.ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ഫോൺ സംഭാഷണം ശരവണൻ വിജിലൻസ് സംഘത്തോട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ,ശരവണന് വിശ്വാസ്യതയില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങി. തച്ചങ്കരിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകി. തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.