വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ ഒപ്പം നിന്നത് കേരളകൗമുദി

തിരുവനന്തപുരം: കേരളത്തിലെ സർക്കാരുകൾക്ക് പദ്ധതികൾ പ്രഖ്യാപിക്കുവാനല്ലാതെ നടപ്പാക്കാനുള്ള താൽപര്യമില്ലെന്നും വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിച്ച് ഏഴ് വർഷം കഴിഞ്ഞപ്പോൾ നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയത് ഏറെ അത്ഭുതകരമായിരുന്നുവെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ കൺസൾട്ടന്റായിരുന്ന അനിൽകുമാർ പണ്ടാല പറഞ്ഞു.ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച 'വിഴിഞ്ഞം ; വസ്തുതകൾ പറയുന്നത്' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് കൃത്യമായ വാർത്ത നൽകി കൂടെ നിന്ന പത്രം കേരളകൗമുദി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞത്തെ സമരം കാരണം കോടികളുടെ നഷ്ടമുണ്ടാകുകയും നിർമ്മാണത്തിന് ഹൈക്കോടതിയുടെ പിന്തുണ നൽകിയിട്ടും ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെന്ന് ചടങ്ങിൽ ആർ.സഞ്ജയൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ അട്ടിമറിക്കാൻ 20 വർഷമായി ശ്രമിക്കുന്നവരാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലെന്ന് വിഷയാവതരണം നടത്തിയ വിഴിഞ്ഞം തുറമുഖ ആക്ഷൻ കൗൺസിൽ സെക്രട്ടറി ഏലിയാസ് ജോൺ ആരോപിച്ചു. റിട്ട: ഹൈഡ്രോഗ്രാഫർ സതീഷ് ഗോപി, ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധി ജി.സനൽകുമാർ, ആർ.ശശീന്ദ്രൻ, വിജയൻ നായർ തുടങ്ങിയവർ സംസാരിച്ചു.