തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ മീറ്റർ റീഡർ നിയമന നിരോധനത്തിനെതിരെ വൈദ്യുതി ഭവന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ഗോളടി സമരം ഇന്ന്. റാങ്ക് പട്ടികയിലുള്ള 218 ഉദ്യോഗാർത്ഥികളാണ് 218 ഗോളടിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ഇ.ബിയിൽ 436 മീറ്റർ റീഡർമാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാതി നിയമനം നടത്തിയ ശേഷം കെ.എസ്.ഇ.ബി മാനേജ്‌മെന്റ് നിയമന നിരോധനം ഏർപ്പെടുത്തുകയായിരുന്നു. റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകളിലേക്ക് 218 പേരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി മീറ്റർ റീഡർ റാങ്ക് ഹോൾഡേഴ്സ് വ്യത്യസ്‌തസമരം നടത്തുന്നത്. നാളെ രാവിലെ 10ന് വൈദ്യുതി ഭവന് മുന്നിൽ ആദ്യ ഗോളടിച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഗോളടി സമരം ഉദ്ഘാടനം ചെയ്യും. കെ.പി ഷബീന ജാസ്‌മിൻ അദ്ധ്യക്ഷയാകും.