
തിരുവനന്തപുരം: 'ഹലോ ... പ്രകാശ് ജീ... മൈ മലയാളം ഫ്രണ്ട്'- നടിയും സംവിധായികയുമായ നന്ദിതാ ദാസ് സംവിധായകൻ വി.കെ. പ്രകാശിനെ ചേർത്തുപിടിച്ചു. ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോറിൽ മൂന്നാം ദിനം നടന്ന മീറ്റ് ദ ഡയറക്ടർ ഫോറമാണ് അപൂർവ പുനസമാഗമത്തിന് സാക്ഷിയായത്. 22 വർഷം മുൻപിറങ്ങിയ വി.കെ.പ്രകാശ് ചിത്രം പുനരധിവാസത്തിൽ നായികയായത് നന്ദിതാ ദാസാണ്.അതിനു ശേഷം തന്നെ ഒരു സിനിമയിലേക്ക് പോലും ക്ഷണിച്ചില്ലെന്ന് നന്ദിത പരിഭവം പറഞ്ഞു.ദേശീയ - സംസ്ഥാന അവാർഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പുനരധിവാസം നേടിയിരുന്നു. ഇത്രയും വർഷമായിട്ടും ചെറുപ്പം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം തിരക്കാനും നന്ദിത മടിച്ചില്ല.
1998 മുതൽ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി മേളയിലെ സ്ഥിരം സാന്നിദ്ധ്യമാണ് നന്ദിതാ ദാസ്. ഇക്കുറി നന്ദിത ഒരുക്കിയ സ്വിഗാറ്റോ എന്ന ചിത്രം മേളയുടെ രണ്ടാം ദിനത്തിൽ പ്രദർശിപ്പിച്ചിരുന്നു.മീറ്റ് ദ ഡയറക്ടറിൽ പങ്കെടുക്കാനെത്തിയ മഹേഷ് നാരായണനുമായും ഇരുവരും സൗഹൃദം പങ്കുവച്ചു.
സാമ്പത്തിക താത്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു: നന്ദിത ദാസ്
സാമ്പത്തിക താത്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി നടിയും സംവിധായികയുമായ നന്ദിതാദാസ് അഭിപ്രായപ്പെട്ടു. സിനിമാ രംഗത്ത് കോർപ്പറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി മാറിയതായും രാജ്യാന്തര മേളയോടനുബന്ധിച്ചുള്ള മീറ്റ് ദി ഡയറക്ടർ സെഷനിൽ പങ്കെടുത്തുകൊണ്ട് നന്ദിത പറഞ്ഞു. പ്രേക്ഷകരെ വിവിധ വിഭാഗങ്ങളായി കണ്ടുള്ള സിനിമാ നിർമ്മാണത്തിൽ മാറ്റംവന്നതായി സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. എല്ലാ സിനിമകളും ഏവർക്കും ആസ്വദിക്കാവുന്നതാണെന്ന് പുതിയകാല ചിത്രങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.സെൻസർഷിപ്പിനൊപ്പം സ്‌പോൺസർഷിപ്പും സിനിമാരംഗത്ത് സജീവമാണെന്ന് സംവിധായകൻ കമൽ.കെ.എം പറഞ്ഞു.
മീര സാഹിബ് മോഡറേറ്ററായിരുന്ന ഫോറത്തിൽ അസാമീസ് സംവിധായകൻ മൊഞ്ജുൾ ബറുവ,നടി ഡോ. ജഹനാര ബീഗം,ഉക്രെയ്ൻ താരം ഓക്സാന ചെർകാഷിന,ഹാദി ഖസൻഫാരി, ശ്രീലങ്കൻ സംവിധായകൻ അരുണ ജയവർദ്ധന,മഹേന്ദ്ര പെരേര തുടങ്ങിയവർ പങ്കെടുത്തു.