മുടപുരം: കേരളത്തിലെ കയർ വ്യവസായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കയർ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇതിനായി ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു. കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഉത്പാദന ചെലവിന് അനുസൃതമായി കയറിന്റെയും കയർ ഉല്പന്നങ്ങളുടെയും വില തീരുമാനിക്കുക, കയർ ഫെഡും കയർ കോർപ്പറേഷനും സംഘങ്ങൾക്ക് നൽകാനുള്ള വില അടിയന്തരമായി നൽകുക, കയർ രംഗത്തെ രക്ഷിക്കാൻ പ്രത്യേക പാക്കേജിന് രൂപം നൽകുക, സംഘങ്ങൾക്ക് നൽകാനുള്ള പി.എം.ഐ അടക്കമുള്ള ആനുകൂല്യങ്ങൾ ഉടനെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.