തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ നാലാം ദിവസമായ ഇന്ന് ഒമ്പത് മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. ഡെലിഗേറ്റുകൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി ടീമിന്റെ നൻപകൽ നേരത്ത് മയക്കം ഇന്ന് ഉച്ചയ്ക്ക് 3.30ന് ടാഗോറിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും.

ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പാലസ്‌തീൻ ചിത്രം ആലം, ബ്രിട്ടീഷ് കെളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ തഗ് ഒഫ് വാർ, ബ്രസീൽ ചിത്രം കോർഡിയലി യുവേഴ്സ്, മണിപ്പൂരി ചിത്രം ഔർഹോം, മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം മെമ്മറിലാൻഡ് തുടങ്ങിയവയാണ് ഇന്നത്തെ മത്സരചിത്രങ്ങൾ.

പ്രോസിക്യൂട്ടറുടെ കലുഷിതമായ ജീവിത കഥ പറയുന്ന എമിൻ ആൽഫെർ ചിത്രം ബർണിങ് ഡേയ്സ്, ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ ഏബയുടെ യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, എ ലവ് പാക്കേജ്, ബ്ലൂ കഫ്താൻ,നൈറ്റ് സൈറൺ,ഡിയർ സത്യജിത് തുടങ്ങി 24 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി 'ചാമര'ത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും . ഇരുള ഭാഷയിൽ പ്രിയനന്ദൻ ഒരുക്കിയ ധബാരിക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോർമൽ, രാരിഷ്. ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ഹൊറർ ചിത്രങ്ങൾ ആസ്വദിക്കാനുള്ള പ്രേക്ഷക താത്പര്യം മുൻനിർത്തി മിഡ്‌നൈറ്റ് സ്‌ക്രീനിംഗിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശനവും ഇന്നാണ്. നിശാഗന്ധിയിൽ രാത്രി 12ന് റിസർവേഷനില്ലാതെ പ്രേക്ഷകർക്ക് ചിത്രം കാണാം.