തളിപ്പറമ്പ്: അനധികൃത ചെങ്കല്ല് ഖനനം നിറുത്തിവച്ചുവെന്ന ജില്ലാ കളക്ടറുടെ വാക്കുകൾക്ക് പുല്ലുവില കല്പിച്ച് ഖനനം തകൃതിയായി തുടരുന്നതായി പരാതി. അനധികൃത ചെങ്കൽ ഖനനം തടയണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചാണ് കളക്ടർ പരാതിക്കാരന് മറുപടി നല്കിയത്. തളിപ്പറമ്പ് താലൂക്കിലെ ചുഴലി വില്ലേജിൽ കൊളത്തൂരിലാണ് ജില്ലാ ഭരണകൂടത്തെ കബളിപ്പിച്ച് ഖനനം നടക്കുന്നതായി പരാതിയുള്ളത്. സ്വകാര്യ വ്യക്തികളുടെ ഭൂമിയും മിച്ചഭൂമിയും ദേവസ്വം ഭൂമിയും കൈയേറി അനധികൃത ഖനനം നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
അനധികൃത ഖനനം നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് താലൂക്ക് റവന്യൂ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഖനനം നടക്കുന്നുണ്ടെന്ന് മുൻപ് തെളിഞ്ഞിരുന്നു. അതേത്തുടർന്ന് കഴിഞ്ഞ വർഷം നവംബർ 20ന് തളിപ്പറമ്പ് റവന്യൂ ഡിവിഷൻ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൊലീസ്, ജിയോളജി വകുപ്പ്, പഞ്ചായത്ത്, റവന്യൂ അധികൃതർ എന്നിവരുടെ തീരുമാന പ്രകാരം പ്രദേശത്തെ ഖനനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായാണ് വ്യക്തമാക്കിയത്. കൂടാതെ, അനധികൃത ഖനനം നടത്തിയതിനെതിരെ നടപടികൾ സ്വീകരിക്കുന്നതിന് ജിയോളജിസ്റ്റിനോടും സ്ഥലത്ത് സ്ഥിരമായി പട്രോളിംഗ് നടത്താൻ പൊലീസിനും നിർദ്ദേശം നൽകിയിരുന്നു.
അട്ടിമറിക്ക് പിന്നിലും ഉദ്യോഗസ്ഥർ
ജില്ലാ ഭരണകൂടം നിർദ്ദേശങ്ങൾ നൽകുമ്പോൾ കളക്ടറുടെ ഉത്തരവുകൾ അട്ടിമറിക്കപ്പെടുന്നത് ഖനന മാഫിയയും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഏകദേശം 150 ഓളം ചെങ്കൽ ലോഡുകൾ ദിവസേന ഇവിടെ നിന്നും പോകുന്നുണ്ട്.
മേലുദ്യോഗസ്ഥർ റിപ്പോർട്ട് തേടുമ്പോൾ ഖനനം നടക്കുന്നില്ലെന്ന് പറയുകയും, എന്നാൽ ഖനന മാഫിയക്ക് യഥേഷ്ടം പ്രവർത്തിക്കാൻ മൗനാനുവാദം നൽകുകയുമാണ് വില്ലേജ് ഓഫീസറും പഞ്ചായത്തും ഉൾപ്പെടെയുള്ളവർ ചെയ്യുന്നതെന്ന പരാതിയാണ് ഇവർക്കുള്ളത്.
അനധികൃത ഖനനം തടയാനെന്ന പേരിൽ പഞ്ചായത്ത് നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. ആ കമ്മിറ്റിയും ഖനനം നടത്തുന്നവർക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്.
നാട്ടുകാർ