സ്‌മാർട്ട് സിറ്റി പൂർത്തിയായത് 5 ശതമാനം മാത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ സ്‌മാർട്ട് പദ്ധതികൾക്ക് കേന്ദ്രം നൽകിയ കാലാവധി ആറ് മാസം മാത്രം ശേഷിക്കേ കൺസൾട്ടൻസി നേടാൻ കെ റെയിലും. സിൽവർ ലൈൻ ബ്രേക്കിട്ടതോടെയാണ് കെ-റെയിൽ സ്‌മാർട്ട് സിറ്റിയുടെ കൺസൾട്ടൻസിക്ക് ടെൻഡർ സമർപ്പിച്ചത്.

സ്‌മാർട്ട് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾ സമയത്ത് നടക്കാത്തതിനാൽ 2018ൽ നിയമിച്ച ആദ്യ കൺസൾട്ടൻസി ഐ.പി.ഇ ഗ്ളോബലുമായുള്ള കരാർ സ്മാർട്ട് സിറ്റി അവസാനിപ്പിച്ച് പുതിയ ടെൻഡർ വിളിക്കുകയായിരുന്നു.

2018ൽ ആരംഭിച്ച പദ്ധതി 5ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഈ സാഹചര്യത്തിൽ കെ-റെയിലിന് കൾസൾട്ടൻസി ലഭിച്ചാലും നേട്ടമില്ല. എന്നാൽ കെ-റെയിലിന് ഫീസ് ലഭിക്കും. റെയിൽ പദ്ധതികൾ ചെയ്യുന്ന കെ-റെയിലിന് വിവാദ സ്‌മാർട്ട് സിറ്റി പദ്ധതികൾ നടപ്പാക്കാൻ പറ്റുമോ എന്ന് ആശങ്കയുണ്ട്.

ആദ്യം കിഫ്ബി, ​പിന്നെ മാറ്റി

കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിന് സ്‌മാർട്ട് സിറ്റി നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി. മാസം 50 ലക്ഷമാണ് കിഫ്ബി ഫീസ് ആവശ്യപ്പെട്ടത്. അത് കൂടുതലായതിനാൽ കിഫ്ബിക്ക് നൽകേണ്ടെന്ന് ബോർഡ് തീരുമാനിച്ചു. സർക്കാർ ഉത്തരവും മരവിപ്പിച്ചു.

കെ-റെയിലിന്റെ സാദ്ധ്യത

കൺസൾട്ടൻസി ലഭിക്കാൻ കെ-റെയിൽ കിഫ്ബിയെക്കാൾ കുറഞ്ഞ തുകയാണ് ക്വാട്ട് ചെയ്‌തതെന്നാണ് സൂചന. സ്‌മാർട്ട് സിറ്റി ബോർഡിന് എതിർപ്പില്ലാത്തതിനാൽ കെ-റെയിലിനെ കൺസൾട്ടന്റാക്കാനാണ് സാദ്ധ്യത.

ഐ.പി.ഇ ഗ്ളോബലിന് നൽകിയത്-17.15കോടി ( മാസം 35ലക്ഷം )​

ഇവർ 1000 കോടിയുടെ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി

പുതിയ കൺസൾട്ടൻസി 538 കോടിയുടെ പി.ആർ തയ്യാറാക്കിയാൽ മതി.

പൂർത്തിയായത് 5%

2018ൽ ആരംഭിച്ച സ്‌മാർട്ട് സിറ്റി പദ്ധതി കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും 5 ശതമാനമേ തീർന്നിട്ടൂള്ളൂ. 2022 ജൂണിൽ തീരേണ്ടതായിരുന്നു. സ്‌മാർട്ട് സിറ്റി രണ്ട് വർഷം കൂടി ചോദിച്ചു. കേന്ദ്രം ഒരു വർഷം നൽകി. 2023 ജൂണിലും പൂർത്തിയാകില്ല. അതിനാൽ പദ്ധതി പുനഃക്രമീകരിക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്.

പ്രധാന പദ്ധതികളും തുകയും

സ്‌മാർട്ട് റോഡ്-650 കോടി

കണ്ണിമേറ മാർക്കറ്റ് നവീകരണം-73 കോടി

മാനവീയം വീഥി സാംസ്‌കാരിക വീഥിയാക്കാൻ 1.40 കോടി

രാജാജി നഗറിൽ ഭവന സമുച്ചയങ്ങൾ 61.42 കോടി

ചാല കമ്പോളത്തിൽ ഗോഡൗൺ  18.65 കോടി

അഞ്ച് മൾട്ടിലെവൽ കാർപാർക്കിംഗ്

ഇന്റഗ്രേറ്റഡ് കമാൻഡ് റൂം

പദ്ധതിത്തുക: 1538 കോടി

കേന്ദ്രവിഹിതം:500 കോടി

സംസ്ഥാന വിഹിതം:500 കോടി

നഗരസഭാ വിഹിതം: 138 കോടി

മറ്റ് ഏജൻസികൾ: 400 കോടി

ഏപ്രിൽ വരെ കിട്ടിയ ഫണ്ട് 394 കോടി

(കേന്ദ്രം-194,സംസ്ഥാനം-186,നഗരസഭ-14)

ഏപ്രിൽ വരെ ചെലവ് 318 കോടി

(കേന്ദ്രം-194,സംസ്ഥാനം-122,നഗരസഭ-2)