p

തിരുവനന്തപുരം: ആധാരമെഴുത്ത് - പകർപ്പെഴുത്ത് - സ്റ്രാമ്പ് വെണ്ടർ ക്ഷേമനിധിയിൽ നിന്ന് പുറത്തായ ആയിരത്തോളം പേർക്ക് വീണ്ടും അംഗത്വം കിട്ടാൻ വഴിയൊരുക്കി നിയമഭേദഗതി. ആധാരമെഴുത്ത് - പകർപ്പെഴുത്ത് - സ്റ്രാമ്പ് വെണ്ടർ നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

32 വർഷം മുമ്പ് രൂപീകൃതമായ ക്ഷേമനിധിയിൽ 6000ത്തോളം അംഗങ്ങളാണുള്ളത്. 200 രൂപയാണ് പ്രതിമാസ ക്ഷേമനിധി വിഹിതം. കൂടാതെ ആധാരം രജിസ്റ്രർ ചെയ്യുന്ന ആൾ 50 രൂപ വെൽഫെയർ സ്റ്റാമ്പ് ഇനത്തിൽ അടയ്‌ക്കണം. 40 കോടിയോളം രൂപയാണ് ഇപ്പോൾ ക്ഷേമനിധിയിലെ നീക്കിയിരുപ്പ്.

ഭേദഗതി പ്രകാരം രജിസ്ട്രേഷൻ മന്ത്രി ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ആവും. നിലവിൽ നികുതി വകുപ്പ് സെക്രട്ടറിയായിരുന്നു ചെയർമാൻ. മന്ത്രി വരുന്നതോടെ നികുതി സെക്രട്ടറി ക്ഷേമനിധി ബോർഡ് സെക്രട്ടറിയാവും. ഔദ്യോഗിക തിരക്ക് കാരണം യഥാസമയം ബോർഡ് യോഗങ്ങൾ ചേരാനോ ആധാരമെഴുത്തുകാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ നികുതി സെക്രട്ടറിക്ക് കഴിയാതായതോടെയാണ് ചെയർമാൻ പദവി മന്ത്രി ഏറ്റെടുക്കണമെന്ന് ആധാരമെഴുത്തുകാരുടെ സംഘടനകൾ ആവശ്യപ്പെട്ടത്. ആധാരമെഴുത്തുകാരുടെ പെൻഷൻ, ചികിത്സാ സഹായം, മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം, പ്രസവാനുകൂല്യം തുടങ്ങിയവ ക്ഷേമനിധി ബോർഡ് വഴിയാണ് നൽകുന്നത്.

അംഗത്വം പുനഃസ്ഥാപിക്കൽ

കുടിശിക വരുത്തി അംഗത്വം നഷ്ടമായവർക്ക് 12 % വാർഷിക പലിശയോടെ തുക അടച്ചാൽ അംഗത്വം പുനഃസ്ഥാപിക്കാം. ഇതിന് ഒറ്റത്തവണ തീർപ്പാക്കലിനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. ഒറ്റത്തവണ തീർപ്പാക്കലിൽ ക്ഷേമനിധി അംഗങ്ങൾക്ക് പരമാവധി ഇളവുകൾ കിട്ടും.

ക്ഷേമനിധി അംഗങ്ങൾ

6000

അംഗത്വം പുനഃസ്ഥാപിക്കേണ്ടവർ

1000ത്തോളം

ബോർഡ് അംഗങ്ങൾ:

13

(മന്ത്രി + ഉദ്യോഗസ്ഥ മേഖല 7+ തൊഴിൽ മേഖല 5)