
തിരുവനന്തപുരം: ഡ്രെയിനേജ് പദ്ധതിക്കായി സമ്മതം മൂളിയ നിമിഷത്തെ പഴിക്കുകയാണ് കൊച്ചുള്ളൂർ-എസ്.എൻ റോഡ് നിവാസികൾ. മൂന്നു വർഷം മുൻപ് കേന്ദ്ര സർക്കാരിന്റെ അമൃതം പ്രോജക്ടിനു കീഴിൽ നഗരപ്രദേശത്തെ ഡ്രെയിനേജ് സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡു കുഴിക്കാൻ പ്രദേശവാസികൾ അനുമതി നൽകിയത്. ഓട കുഴിക്കലും സ്ളാബിടലുമൊക്കെ കഴിഞ്ഞ് വർഷം രണ്ടരയായിട്ടും റോഡ് പഴയ പടിയായില്ല. കാൽനട യാത്ര പോലും ദുസഹമാണ് ഇവിടെ. 300 ഓളം കുടുംബങ്ങളാണ് കാരുണ്യനഗർ മുതൽ എസ്.എൻ നഗർ വരെയുള്ള ഒരു കിലോമീറ്ററിലധികം തകർന്നുകിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടത്. ഇടയ്ക്കിടെ ഉയർന്നു നിൽക്കുന്ന മാൻഹോളുകളിൽ അടിത്തട്ടി തകർന്ന കാറുകൾ സർവീസ് ചെയ്ത് ചെയ്ത് പലരുടെയും പോക്കറ്റ് കാലിയായിത്തുടങ്ങിയിട്ടുണ്ട്.
മെഡിക്കൽ കോളേജിനടുത്തുള്ള റോഡാണിത്. ആക്കുളം - ഉള്ളൂർ റോഡ് ഗതാഗതക്കുരുക്കിലമരുമ്പോൾ രോഗികളുമായുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ എളുപ്പത്തിൽ മെഡിക്കൽ കോളേജിലെത്താൻ ഉപയോഗിക്കുന്ന സമാന്തര റോഡു കൂടിയാണ് ഇത്.
അമൃതം പ്രോജക്ട് കേന്ദ്ര സർക്കാരിന്റേതാണെങ്കിലും തുക മുടക്കേണ്ടത് നഗരസഭയാണ്. ആക്കുളം - ഉള്ളൂർ വാർഡുകളുടെ അതിർത്തിയായതിനാൽ റോഡ് ശരിയാക്കാൻ ആരും വരുന്നില്ലെന്ന പരാതിയും ഇവിടത്തുകാർക്കുണ്ട്. പ്രോജക്ടിനായി റോഡ് കുഴിച്ച് തുടങ്ങിയപ്പോഴാണ് കൊവിഡ് വില്ലനായി കടന്നുവന്നത്. തുടർന്ന് പണി പാതിയിൽ നിലച്ചു. റോഡിന്റെ ഭൂരിഭാഗവും ഓട കവർന്നതിനാൽ യാത്രപോലും അസാദ്ധ്യമായി.നിരന്തരം പരാതിപ്പെട്ടതിനെത്തുടർന്ന് മണ്ണിട്ട് കുഴിയടച്ചെങ്കിലും ഗതാഗതയോഗ്യമായില്ല. സമാന്തരമായി പൊളിച്ച ആക്കുളം മെയിൻ റോഡ് ടാറിംഗും കഴിഞ്ഞ് അടിപൊളിയാക്കിയിട്ടും ഉപറോഡിലേക്ക് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.പ്രോജക്ട് പൂർത്തിയാക്കി കമ്മിഷൻ ചെയ്താൽ മാത്രമേ ടാറിംഗ് നടക്കൂവെന്നാണ് അധികാരികളിൽ നിന്ന് ലഭിക്കുന്ന മറുപടി. എന്നാൽ,ഡ്രെയിനേജ് പദ്ധതിയുടെ ഭാഗമായുള്ള സ്വീവേജ് പ്ളാന്റിന്റെ തറക്കല്ലിടൽ പോലും നടക്കാതെ പദ്ധതിയെങ്ങനെ പൂർത്തിയാകുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇല്ലത്രെ. കാരുണ്യ,ശ്രീനാരായണ റസിഡന്റ്സ് അസോസിയേഷനുകളിൽ ഉൾപ്പെടുന്നതാണ് കൊച്ചുള്ളൂർ - എസ്.എൻ റോഡ്.
മൂന്നു കോടി വേണം: കൗൺസിലർ
സ്വീവേജ് ലൈനിന്റെയും കുടിവെള്ള പൈപ്പ് ലൈനിന്റെയും പണികൾ പൂർത്തിയായെങ്കിലും റോഡ് ശരിയാക്കാൻ പര്യാപ്തമായ ഫണ്ട് നഗരസഭയിലില്ല.ആകെയുള്ളത് 27 ലക്ഷം രൂപയാണ്. മിനിമം മൂന്ന് കോടി രൂപയുണ്ടെങ്കിലേ ഓട വീതി കൂട്ടി സ്ളാബിട്ട് റോഡ് ടാർ ചെയ്യാൻ കഴിയൂ. അതിനായി എം.എൽ.എ ഫണ്ട് കൂടി വേണം.
സുരേഷ് കുമാർ, ആക്കുളം വാർഡ് കൗൺസിലർ
ദുരിതം തുടരാൻ കഴിയില്ല: റസി. അസോ. സെക്രട്ടറി
കഴിഞ്ഞ മൂന്നു വർഷമായി അനുഭവിക്കുന്ന ദുരിതം തുടരാൻ കഴിയില്ല. ഞങ്ങൾ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണ്. അത് ഗതാഗതയോഗ്യമാക്കി തിരികെ തരണം. വാഗ്ദാനങ്ങൾ കേട്ടാണ് ഇത്രയും നാൾ എല്ലാം സഹിച്ചത്.
വിനയകുമാർ
കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി