തിരുവനന്തപുരം : രാജ്യത്തെ ആദ്യ പത്ത് സർവകലാശാലകളെടുത്താൽ ഒന്നിൽ പോലും കേരളത്തിലെ സർവകലാശാലകളില്ലാത്ത സ്ഥിതിമാറണമെന്നും നിലവാരം മെച്ചപ്പെടുത്താൻ ഓരോ സർവകലാശാലകളും പരിശ്രമിക്കണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ . വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ വായനശാലയുടെ 108ാം വാർഷികവും സ്ഥാപകൻ വായനശാല കേശവപിള്ളയുടെ 50ാം ചരമ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറ വിദേശത്തേക്ക് പോയി പഠനം നടത്തി അവരുടെ കഴിവുകൾ തെളിയിക്കുന്ന കാലമാണ്. അതോടൊപ്പം കേരളത്തിലെ സർവകലാശാലകളും മുന്നേറേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. വായനശാല കേശവപിള്ളയുടെ പേരിലുള്ള നാടക അവാർഡ് ആർ.എസ്. മധുവിന് മന്ത്രി ആന്റണി രാജു നൽകി. ഗ്രന്ഥശാല സെക്രട്ടറി കെ.പി.സതീശ് പൊന്നാട അണിയിച്ചു. പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ എം.ജി.ശശിഭൂഷൺ, പി.ശ്രീകുമാർ, എസ്.രാധാകൃഷ്ണൻ, ആർ.എസ്.മധു തുടങ്ങിയവർ സംസാരിച്ചു.