
തിരുവനന്തപുരം: രാഷ്ട്രീയലാഭം ഉണ്ടാകുമെങ്കിൽ സദ്ദാം ഹുസൈനെയും മാർക്സിസ്റ്റ് പാർട്ടി വെള്ളപൂശി വോട്ട്കിട്ടാനുള്ള തന്ത്രമാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുസ്ലിംലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇടത് മുന്നണി നേതാക്കന്മാരുടെ പ്രസ്താവന കാലത്തിനൊത്തുള്ള കോലംകെട്ടലാണ്. ഭീകരവാദത്തെ ആവശ്യമുള്ളപ്പോൾ പിന്തുണയ്ക്കുന്ന രീതിയാണ് സി.പി.എമ്മിന്റേത്. അവർക്ക് വേണ്ടപ്പോൾ ലീഗിനെ വർഗീയ കക്ഷിയായും ശാന്തസ്വരൂപരായും ചിത്രീകരിക്കും. തരംപോലെ വേഷം മാറാൻ കഴിവുള്ള സി.പി.എം അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി മാറി. മാർക്‌സിസ്റ്റ് പാർട്ടി അവരുടെ ആവശ്യത്തിന് ഭീകരവാദികളെ എക്കാലത്തും പിന്തുണച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയും.
സിൽവർലൈനിൽ മുഖ്യമന്ത്രിക്ക് മറ്റെന്തൊക്കെയോ ലാഭങ്ങൾ ഉണ്ടെന്നും വി.മുരളീധരൻ ആരോപിച്ചു. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും മുഖ്യമന്ത്രിക്കില്ലെന്ന് സിൽവർ ലൈനിൽ സർക്കാരെടുത്ത നിലപാടിൽ വ്യക്തമാണ്. ഇല്ലാത്ത പദ്ധതിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലത്ത് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതോടെ സ്വന്തംവസ്തു ക്രയവിക്രയം ചെയ്യാനാകാതെ ജനങ്ങൾ ദുരിതത്തിലാണ്.
ഭൂമിയുടെ വിലകുറഞ്ഞാൽ ലാഭമുണ്ടാകുന്നവർക്ക് വേണ്ടിയാണോ മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് സംശയമുണ്ട്.കേന്ദ്രസർക്കാർ ഒരുതരത്തിലും പദ്ധതിക്ക് അനുമതി നൽകില്ലെന്നും വി.മുരളീധരൻ ആവർത്തിച്ചു.
ലീഗ് പേരിൽ തന്നെ മതമുള്ള പാർട്ടി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുസ്ലിങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന, രക്തത്തിൽ വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ പറഞ്ഞു.
ലീഗിനെ ഇടത് മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. പേരിൽ തന്നെ മതമുള്ള ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദൻ. യു.സി. രാമന് പോലും ലീഗിൽ അംഗത്വമില്ല.
ഷാബാനു കേസിലെ അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാവിരുദ്ധ സമീപനമാണ് ലീഗ് കൈക്കൊണ്ടത്. സി.പി.എമ്മിന്റേത് അവസരവാദ രാഷ്ട്രീയമാണ്.
സി.പി.ഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പ്രചരണം നടത്തും.
പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ച തടയാൻ ശ്രമിക്കുന്ന ഗവർണറുടെ നടപടി അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം.