@ കേരള എക്സ്‌പ്രസ് കടത്തിവിട്ടു

തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ ടെർമിനലിന്റെ രണ്ടാം ഘട്ട വികസനം ഇന്നലെ പൂർത്തിയായി. വൈകിട്ടോടെ നിർമ്മാണ ജോലികൾ പൂർത്തിയാക്കി ഏഴോടെ കേരള എക്സ്‌പ്രസ് കൊച്ചുവേളി വഴി കടത്തിവിട്ടു. സിഗ്നൽ പാനലും വിഷ്വൽ ഡിസ്‌പ്ളേ യൂണിറ്റും തമ്മിലുള്ള കണക്ഷൻ ജോലികളാണ് ഇന്നലെ നടത്തിയത്. ഇനി അവശേഷിക്കുന്ന ജോലികൾ ട്രെയിനുകൾ കടത്തിവിട്ടുകൊണ്ടാവും പൂർത്തിയാക്കുകയെന്ന് റെയിൽവേ അറിയിച്ചു. ജനുവരിയിൽ തുടങ്ങിയ പണികൾ പണമില്ലാത്തതിനാൽ ഇടയ്ക്കുവച്ചു നിന്നുപോയിരുന്നു. വൈകിയാണ് ബാക്കി തുക ലഭിച്ചത്. 6 പ്ലാറ്റ്‌ഫോമുകൾ, 5 സ്റ്റേബിളിംഗ് ലൈനുകൾ, അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്‌ലൈനുകൾ എന്നിവയാണ് ഇനി മുതൽ കൊച്ചുവേളിയിലുണ്ടാകുക. 39 കോടി രൂപ ചെലവഴിച്ചാണ് ണ്ടാം ഘട്ട വികസനം പൂർത്തിയാകുന്നത്.പരിമിത സൗകര്യമെന്നുപറഞ്ഞ് ഇനി കൊച്ചു വേളിയിൽ ട്രെയിനുകൾ വേണ്ടെന്നു വയ്ക്കാനാവില്ല. മാസ്റ്റർപ്ലാൻ അനുസരിച്ച് ഇനി ഒരു സ്റ്റേബിളിംഗ് ലൈനും ഒരു പിറ്റ് ലൈനും കൂടി കൊച്ചുവേളിയിൽ വരാനുണ്ട്. മാസ്റ്റർ പ്ലാനിന്റെ മൂന്നാം ഘട്ടത്തിന് പിന്നീട് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്ലാറ്റ്‌ഫോം ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കാത്തതിനാൽ ട്രെയിനുകളുടെ പ്ലാറ്റ്‌ഫോം മാറ്റവും ഷണ്ടിംഗും ഇവിടെ പ്രയാസമായിരുന്നു. ട്രാക്കുകളുടെ കട്ട് ആൻഡ് കണക്ഷൻ ജോലികൾ നടക്കുന്നതിനാൽ ഇന്നലെയും നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു.