palode-ravi

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഭരണനേതൃത്വത്തിനെതിരെ കോൺഗ്രസ് നടത്തി വരുന്ന സമരം കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ അതിശക്തമായി തുടരാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.

മൂന്ന് തലങ്ങളിലായി സമരം തുടരും. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിവരുന്ന സമരം ഓരോ ദിവസവും ജില്ലയിലെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും. ഇന്ന് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം.

സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 100 വാർഡുകളിലും ജനജാഗ്രതാ പദയാത്ര നടത്തും. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തോടൊപ്പം നിയമനടപടികളും സ്വീകരിക്കും. കോർപ്പറേഷനിലെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഡിസംബർ 15 മുതൽ 31 വരെ നൂറ് വാർഡുകളിലും പദയാത്ര നടത്തി നഗരസഭയ്‌ക്കെതിരായ കുറ്റപത്രം ജനസമക്ഷം സമർപ്പിക്കും. നഗരസഭയ്ക്കു മുമ്പിൽ യു.ഡി.എഫ് നടത്തുന്ന സമരത്തിൽ അൻപതോളം പ്രവർത്തകർ ഇതേ വരെ ജയിൽ ശിക്ഷ അനുഭവിച്ചു. പൊലീസ് നിഷ്ഠുരമായാണ് സത്യഗ്രഹ സമരം നടത്തുന്നവരെ നേരിടുന്നത്.കഴിഞ്ഞ ആഴ്ച നടന്ന ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിന്റെ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സ തുടരുകയാണ്.