
തിരുവനന്തപുരം: മുസ്ലീം ലീഗിന് സൽസ്വഭാവ സർട്ടിഫിക്കറ്റ് നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിൽ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി. ലീഗ് വർഗീയ പാർട്ടിയല്ലെന്ന ഗോവിന്ദന്റെ പുകഴ്ത്തൽ അനസരത്തിലുള്ളതെന്ന നിലപാടാണ് പല മുതിർന്ന നേതാക്കൾക്കുമുള്ളത്. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത്. ലീഗിനെ വർഗീയ പാർട്ടിയായി അകറ്റി നിറുത്തേണ്ടതില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം, ലീഗിനെ ഇടതുമുന്നണിയിലെടുക്കുമെന്ന തരത്തിലുള്ള ചർച്ചകൾ അപക്വമാണെന്നും വ്യക്തമാക്കി.ബിനോയ് വിശ്വത്തിന്റെ പ്രതികരണവും സി.പി.ഐ നേതൃത്വത്തിന് ദഹിച്ചിട്ടില്ല. വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാട്ടിയിട്ടുണ്ടെങ്കിലും, എസ്.ഡി.പി.ഐ, പി.എഫ്.ഐ തുടങ്ങിയ സംഘടനകളെപ്പോലെ കടുത്ത വർഗീയ സംഘടനയായി ലീഗിനെ കാണേണ്ടതില്ലെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.യു.ഡി.എഫ് വിടില്ലെന്ന് ലീഗ് നേതൃത്വം പറഞ്ഞത് സി.പി.എം നിലപാടിന് ഏറ്റ പ്രഹരമാണെന്ന് സി.പി.ഐ നേതൃത്വം വിലയിരുത്തുന്നുണ്ടെങ്കിലും, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
നേരത്തേ, കേരള കോൺഗ്രസ് (മാണി) ഇടതു മുന്നണിയിലേക്ക് വരാനുള്ള നീക്കം തുടങ്ങിയപ്പോഴും വലിയ അസംതൃപ്തിയാണ് സി.പി.ഐ കാട്ടിയത്. പിന്നീട് ഇടതുമുന്നണിയുടെ തീരുമാനം അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. കേരള കോൺഗ്രസിനേക്കാൾ കരുത്തുള്ള യു.ഡി.എഫിലെ ഘടക കക്ഷിയാണ് മുസ്ലീംലീഗ്. ലീഗ് വർഗീയ പാർട്ടിയാണോ എന്ന രാഷ്ട്രീയ വിലയിരുത്തലിനേക്കാൾ സി.പി.ഐയെ അലോസരപ്പെടുത്തുന്നത്, ഇടതു പക്ഷത്തേക്ക് അവർ കൂടിയെത്തിയാൽ തങ്ങൾക്ക് മുന്നണിയിൽ കിട്ടുന്ന പരിഗണനയെക്കുറിച്ചാണ്. ഇപ്പോൾ രണ്ടാമത്തെ പാർട്ടിയെന്ന പ്രാമുഖ്യം സി.പി.ഐക്കുണ്ട്. ചില മേഖലകളിലെങ്കിലും ശക്തമായ സാന്നിദ്ധ്യമുള്ള ലീഗ് ഇടതുമുന്നണിയുടെ ഭാഗമായാൽ അതിന്റെ ഭവിഷ്യത്ത് കൂടുതൽ ബാധിക്കുന്നത് തങ്ങളെയാണെന്ന തിരിച്ചറിവും അവർക്കുണ്ട്. എന്നാൽ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചൂണ്ടയിൽ തത്കാലം കൊത്തില്ലെന്ന സൂചനയാണ് പാണക്കാട് സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും നൽകിയത്.
ലീഗിന്റെ മതനിരപേക്ഷ
നിലപാടുകളെയാണ്
പ്രശംസിച്ചത്: ഗോവിന്ദൻ
മാനന്തവാടി: മുസ്ലീംലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുകയല്ല, അവരുടെ മതനിരപേക്ഷ നിലപാടുകളെ സ്വാഗതം ചെയ്യുകയാണ് താൻ ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. എൻ.ജി.ഒ യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സമീപനവും നയവുമില്ലാതെ ആരെയും എൽ.ഡി.എഫിൽ എടുക്കില്ല. മുസ്ലീംലീഗിന്റെ കാര്യത്തിലും ഇത് ബാധകമാണ്. വർഗീയതയ്ക്കെതിരെ അതിവിപുല മുന്നണി കെട്ടിപ്പടുക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. അത് രാഷ്ട്രീയ കൂട്ടുകെട്ടോ ,രാഷ്ട്രീയ പ്രസ്ഥാനമോ മാത്രമാകില്ല. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് അതിപ്രധാനമാണ്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കും. ആർ.എസ്.എസ് രൂപീകരിച്ചതിന്റെ നൂറാം വാർഷികമാണ് 2025. ഹിന്ദുരാഷ്ട്രമെന്നാൽ ഹിന്ദുക്കളുടെ രാഷ്ട്രമല്ല, കോർപ്പറേറ്റുകളുടെ രാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വളമൊരുക്കലാണ് ഏക സിവിൽകോഡ്. ഇത് ചെറുക്കാനുള്ള വഴി അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതര സർക്കാരിനെ അധികാരത്തിലേറ്റുകയാണ്. അതിന് ദേശീയാടിസ്ഥാനത്തിൽ മുന്നണിയൊന്നുമുണ്ടാകില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് ബി.ജെ.പിയെ തോൽപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് വർഗീയ പാർട്ടിയല്ല: ബിനോയ് വിശ്വം
കോഴിക്കോട്: മുസ്ലീംലീഗ് വർഗീയ പാർട്ടിയല്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം. ഇപ്പോൾ ഇത്തരമൊരു ചർച്ച അപകടമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗ് വർഗീയ കക്ഷിയാണെന്ന നിലപാട് ഒരു കാലത്തും പർട്ടി സ്വീകരിച്ചിട്ടില്ല. എസ്.ഡി.പി.ഐയോ പി.എഫ്.ഐയോ തുടരുന്ന നിലപാടല്ല ലീഗിന്റേത്. മതേതരത്വം മുറുകെപിടിക്കുന്ന പാർട്ടിയാണ്. ലീഗിനെ എൽ.ഡി.എഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന് അതിന് യു.ഡി.എഫും ലീഗും മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.