
തിരുവനന്തപുരം: ഒരു കോടിയിലേറെ തുക കുടിശിക നൽകാനുള്ളതിനാൽ സ്വകാര്യ പമ്പുകൾ ഇന്ധനം നൽകുന്നത് നിറുത്തിയതോടെ, അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പാഞ്ഞെത്തേണ്ട സംസ്ഥാനത്തെ ഫയർഫോഴ്സ് വാഹനങ്ങൾ അതിനു കഴിയാതെ കൂട്ടത്തോടെ കട്ടപ്പുറത്തായി. ആറുമാസത്തെ കുടിശികയാണിത്. പലതവണ ഫയർഫോഴ്സ് ഡയറക്ടറേറ്റിൽ നിന്ന് കത്ത് നൽകിയെങ്കിലും ഇതുവരെ ധനവകുപ്പ് തുക അനുവദിക്കുന്നതിൽ അനൂകൂല തീരുമാനമെടുത്തിട്ടില്ല.
അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഈയാഴ്ച അവസാനത്തോടെ വാഹന ഓട്ടം പൂർണമായും നിലയ്ക്കും. ഒഴിവാക്കാനാകാത്ത കേസുകൾ മാത്രമാണ് അറ്റൻഡ് ചെയ്യുന്നത്. അടിയന്തര സാഹചര്യങ്ങൾക്കായി ഫയർ സ്റ്റേഷനുകളിൽ കരുതിവച്ചിരുന്ന ഇന്ധനമാണ് മിക്ക ഇടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉപയോഗിച്ചത്. ഇന്നലെയോടെ പലയിടത്തും അത് തീർന്നു.
129 ഫയർ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. എറണാകുളം, കോഴിക്കോട്, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ സ്റ്റേഷനുകൾ കടുത്ത പ്രതിസന്ധിയിലാണ്. സ്വകാര്യ പമ്പുകളിൽ നിന്നാണ് ഫയർ സ്റ്റേഷനുകളിലെയും ആസ്ഥാന ഓഫീസിലെയും വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത്. മുമ്പ് ഓരോ മാസത്തെയും ഇന്ധനബിൽ തുക അടുത്തമാസം കൃത്യമായി ധനവകുപ്പ് അനുവദിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതോടെ ജനുവരിയ്ക്കു ശേഷം അത് രണ്ടുമാസം കൂടുമ്പോഴാക്കി. അതും പൂർണമായി നൽകിയിരുന്നില്ല. അതോടെയാണ് കുടിശിക പെരുകിയത്.
ഒരു പമ്പിന് എട്ടു ലക്ഷം വരെ
നഗര പ്രദേശങ്ങളിലെ സ്റ്റേഷനുകൾ പമ്പുകൾക്ക് അഞ്ചുമുതൽ എട്ടു ലക്ഷം വരെയും ഗ്രാമീണ മേഖലയിൽ ഒന്നര മുതൽ മൂന്നു ലക്ഷം രൂപവരെയുമാണ് കുടിശിക നൽകാനുള്ളത്. ഇതോടെ ഇന്ധനം നൽകാൻ സാദ്ധ്യമല്ലെന്ന് പമ്പുടമകൾ ഒരാഴ്ച മുമ്പ് അധികൃതരെ അറിയിച്ചിരുന്നു. പമ്പിലെത്തുന്ന ഓരോ ടാങ്കറിനുമുള്ള തുക മുൻകൂറായി നൽകാതെ പെട്രോളിയം കമ്പനികൾ ഇന്ധനം നൽകില്ലെന്നും അതിനാൽ കുടിശിക തീർക്കണമെന്നുമായിരുന്നു ആവശ്യം. ഫയർ ഫോഴ്സ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ഇന്ധനം നിറച്ചതിന്റെ കുടിശിക മാത്രം മൂന്നു ലക്ഷത്തോളമുണ്ട്. അവിടത്തെ സ്റ്റേഷനിലെ കുടിശിക അഞ്ചുലക്ഷത്തിന് മുകളിലും.
750 വാഹനങ്ങൾ,
7000 കോളുകൾ
അഞ്ച് മാസം മുമ്പ് ലഭ്യമാക്കിയ വിവിധോദ്ദേശ്യ
ടാങ്കറുകൾ അടക്കം 750 വാഹനങ്ങൾ
129 ഫയർ സ്റ്റേഷനുകളിലായി സേവനം തേടി
പ്രതിവർഷം എത്തുന്നത് 7000 കോളുകൾ.
''ഇന്ധന കുടിശിക തീർക്കുന്നതിനുള്ള തുക ആവശ്യപ്പെട്ടുള്ള കത്ത് സർക്കാരിന് നൽകിയിട്ടുണ്ട്. ഉടൻ തുക ലഭ്യമാകും.
-ഡോ.ബി.സന്ധ്യ
ഡയറക്ടർ ജനറൽ
കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ്