ww

തിരുവനന്തപുരം: എന്തിനെയും ലാഭക്കണ്ണുകളോടെ കാണുന്ന സമീപനം സിനിമയുടെ കലാമൂല്യത്തെ ബാധിക്കുന്നതായി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ. കരുൺ പറഞ്ഞു.

കാലത്തെ അതിജീവിക്കുന്നതാണ് സിനിമ എന്ന മാദ്ധ്യമമെന്നും യഥാർത്ഥ വികാരങ്ങൾ പങ്കുവയ്‌ക്കാൻ അതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മേളയിലെ ഇൻ കോൺവെർസേഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര മേളകൾ കാണികളിൽ സാംസ്‌കാരിക ബോധം സൃഷ്ടിക്കുമെന്നും മൊബൈൽ ഫോണിലും സിനിമ എടുക്കാവുന്ന വിധത്തിൽ കാലം മാറിയത് സിനിമയുടെ വളർച്ചയ്ക്ക് ഉതകുമെന്നും എഴുത്തുകാരി മാലതി സഹായ് പറഞ്ഞു.സംവിധായകൻ ജബ്ബാർ പട്ടേലും ചർച്ചയിൽ പങ്കെടുത്തു.

പ്രേക്ഷകന്റെ ആരവം ഇന്ധനം

നിശബ്ദ ചിത്രങ്ങൾക്ക് അകമ്പടിയായി തത്സമയ സംഗീതം ഒരുക്കുമ്പോൾ പ്രേക്ഷകന്റെ ആരവമാണ് സംഗീതജ്ഞന്റെ ആത്മസംതൃപ്തിയെന്ന് പ്രശസ്ത പിയാനിസ്റ്റ് ജോണി ബെസ്റ്റ്. മേളയിലെ അഞ്ച് നിശബ്ദ ചലച്ചിത്രങ്ങൾക്ക് തത്സമയ സംഗീതമൊരുക്കുന്നത് ജോണി ബെസ്റ്റണ്.

നോസ്‌ഫെറാതു പോലെയുള്ള നിശബ്ദ ഹൊറർ ചിത്രങ്ങൾക്ക് അകമ്പടിയാകാൻ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് അനന്ത സാധ്യതകൾ ഉണ്ട്. തത്സമയ സംഗീതം ലളിതവും ഒഴുക്കുള്ളതും ചലച്ചിത്രത്തോട് നീതി പുലർത്തുന്നതുമാകണം. കേരളത്തിലെ പ്രേക്ഷകർക്ക് മുമ്പിൽ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.