തിരുവനന്തപുരം: സിനിമ കാണാൻ തലേദിവസം സീറ്റ് റിസർവ് ചെയ്തവർക്ക് പോലും തിയേറ്ററിൽ പ്രവേശനം നിഷേധിച്ചതിനെച്ചൊല്ലി തുടർച്ചയായ രണ്ടാം ദിവസവും ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. ഏരീസ് പ്ലക്‌സ് തിയേറ്ററിലായിരുന്നു ഡെലിഗേറ്റുകൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 12നാണ് മത്സരവിഭാഗത്തിലുള്ള ബൊളീവിയൻ ചിത്രം 'ഉട്ടാമ' ഏരീസ് പ്ലക്‌സ് ഒന്നിൽ നിശ്ചയിച്ചിരുന്നത്.എന്നാൽ, ചിത്രം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പുതന്നെ ആപ്പ് വഴി സിനിമ ബുക്ക് ചെയ്യാത്ത ഡെലിഗേറ്റുകളെയും തിയേറ്ററിൽ പ്രവേശിപ്പിച്ചതായി പരാതി ഉയർന്നു. ഇതോടെ റിസർവ് ചെയ്തവർ പുറത്താകുകയായിരുന്നു. തറയിലിരുന്ന് സിനിമ കാണാൻ തയ്യാറാണെന്ന് ഡെലിഗേറ്റുകൾ അറിയിച്ചെങ്കിലും തിയേറ്റർ അധികൃതർ ഇവരെ കടത്തിവിടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അമ്പതോളം ഡെലിഗേറ്റുകൾ പ്രതിഷേധിച്ചത്. സ്ഥലത്തെത്തിയ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലനോടും പ്രതിഷേധം അറിയിച്ചു.
ഈ വർഷം മുതലാണ് തിയേറ്ററുകളിലെ എല്ലാ സീറ്റുകളും അക്കാഡമി റിസർവേഷൻ ഏർപ്പെടുത്തിയത്. കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ തലേദിവസമേ ബുക്ക് ചെയ്യണം.രാവിലെ എട്ടിനാണ് സിഡിറ്റ് തയ്യാറാക്കിയ ആപ്പ് വഴി തലേ ദിവസത്തേക്കുള്ള റിസർവേഷൻ ആരംഭിക്കുന്നത്.ഒരു ഡെലിഗേറ്റിന് ഒരു ദിവസം മൂന്നു സിനിമകളാണ് റിസർവ് ചെയ്യാൻ സാധിക്കുക. കഴിഞ്ഞ വർഷം അഞ്ച് സിനിമകൾക്കു വരെ ബുക്ക് ചെയ്യാമായിരുന്നു. 8500 സീറ്റുകളിലേയ്ക്ക് 13,500ന് മുകളിൽ ഡെലിഗേറ്റ് പാസുകളാണ് അക്കാഡമി അനുവദിച്ചത്.എല്ലാ സീറ്റുകളും റിസർവ്ഡാണെന്ന അക്കാഡമിയുടെ ഉറപ്പിലാണ് ചിത്രത്തിന് തൊട്ടുമുമ്പുവരെ ബുക്ക് ചെയ്തവർ തിയേറ്ററിലേക്കെത്തുന്നത്.
കഴിഞ്ഞവർഷംവരെയും സിനിമ തുടങ്ങുന്നതിന് 15 മിനിറ്റ് വരെയായിരുന്നു റിസർവേഷനുള്ള സാധുത. അതിനുശേഷം ബാക്കിയുള്ള സീറ്റ് ബുക്ക് ചെയ്തവർക്ക് തുറന്നുകൊടുക്കും.എന്നാൽ, ഇത്തവണ അത്തരമൊരു അറിയിപ്പ് അക്കാഡമി നൽകിയിട്ടില്ല.അങ്ങനെയുള്ളപ്പോൾ സിനിമ തുടങ്ങുന്നതിനു മുമ്പ് റിസർവ് സീറ്റുകളിലേക്ക് റിസർവ് ചെയ്യാത്തവരെ പ്രവേശിപ്പിക്കുന്നത് ശരിയല്ലെന്നും അല്ലാത്തപക്ഷം മുൻകാലങ്ങളിലേതുപോലെ നിശ്ചിത സീറ്റുകൾ റിസർവേഷന് മാറ്റിവച്ച ശേഷം അവശേഷിക്കുന്നവ മറ്റുള്ളവർക്ക് തുറന്നുകൊടുക്കണമെന്നും ഡെലിഗേറ്റുകൾ ആവശ്യപ്പെടുന്നു.മേളയിലെ മികച്ച സിനിമകളുടെയും റിസർവേഷൻ ആദ്യ മിനിറ്റുകൾക്കകം പൂർണമാകും.പ്രായമേറിയവർക്കായി പ്രത്യേക റിസർവേഷൻ കൗണ്ടർ ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.