
ഡെലിഗേറ്റുകളെ ഒന്ന് പേടിപ്പിച്ച് വിടുക എന്നത് ചലച്ചിത്ര അക്കാഡമിയുടെ പതിവായിരിക്കുകായണത്രേ. പാതിരാത്രി ഹൊറർ സിനിമാ പ്രദർശനം ഇത്തവണയും ഉണ്ട്. ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്‌സ് 2 ആണ് ഇന്ന് പാതിരാവിൽ നിശാഗന്ധിയിൽ പ്രദർശിപ്പിക്കുക. 2017 ൽ ഇറങ്ങിയ സാത്താൻസ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഒന്നാം ഭാഗം മുമ്പ് നമ്മുടെ മേളയിൽ എത്തിയതാണ് അന്ന് സിനിമ കണ്ട് മടങ്ങും വഴി ആരൊക്കെയോ എന്തൊക്കെയോ കണ്ട് പേടിച്ചെന്നും അതു പിന്നെ വിറയൽ പനിയായി മാറിയെന്നും കഥകളിറങ്ങിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥ ജീവിതത്തിനായി ഫ്‌ളാറ്റിലേക്ക് മാറുന്നതും അവിടെയും സ്വസ്ഥതയും ലഭിക്കാത്തതുമാണ് സിനിമയുടെ പ്രമേയം. വെറുതെ ഒന്നു പേടിക്കാൻ മാത്രമുള്ളതാണ് സിനിമ.
പക്ഷെ ഇന്നലെ ഡെലിഗേറ്റുകളെ പേടിപ്പിക്കാൻ ശ്രമമുണ്ടായി എന്നൊരു പരാതി കേട്ടിരുന്നു. സീറ്റ് കിട്ടാത്തപ്പോൾ തറയിൽ ഇരിക്കാൻ തുടങ്ങിയ ഡെലിഗേറ്റുകളെ അതിന് അനുവദിച്ചില്ല. അതോടെ സെക്യൂരിറ്റിക്കാരും ഡെലിഗേറ്റുകളുമായി വാക്കേറ്റം. പണം കൊടുത്ത് പാസെടുത്തിട്ട് തിയേറ്ററിൽ കയറ്റാത്തത് എവിടത്തെ ന്യായമെന്ന് ഡെലിഗേറ്റുകൾ. അധികം വെളച്ചിലെടുത്താൽ പൊലീസിനെ വിളിക്കുമെന്ന് വോളന്റിയർമാർ. ചുമ്മാ പേടിപ്പിക്കല്ലേ സാറെ എന്ന് ഡെലിഗേറ്റുകളുടെ മറുപടി