തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ ഒരു മാസത്തിലധികമായി കോൺഗ്രസ് നടത്തുന്ന സമരം ശക്തമാക്കാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. മൂന്ന് തലങ്ങളിലായി സമരം തുടരും. ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ നടത്തിവരുന്ന സമരം ഓരോ ദിവസവും ജില്ലയിലെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.
ഇന്ന് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയും നാളെ പാറശാല കമ്മിറ്റിയുമാണ് സമരം നടത്തുന്നത്. 14ന് ആര്യനാടും15ന് നെയ്യാറ്റിൻകരയും16ന് വർക്കലയും 17ന് കാട്ടാക്കടയും 19ന് വാമനപുരവും 20ന് ചിറയിൻകീഴും 21ന് നേമവും 22ന് കഴക്കൂട്ടവും 23ന് കോവളവും 24ന് വട്ടിയൂർക്കാവും 26ന് നെടുമങ്ങാടും 27ന് തിരുവനന്തപുരം സെൻട്രൽ കമ്മിറ്റിയുമാണ് കോർപ്പറേഷന് മുന്നിൽ സമരം നടത്തുക. സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 100 വാർഡുകളിലും ജനജാഗ്രതാപദയാത്ര നടത്തും. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടാംഘട്ട സമരമാണിത്. സമരത്തോടൊപ്പം നിയമനടപടികളും കോൺഗ്രസ് നടത്തും. 15 മുതൽ 31 വരെ നൂറ് വാർഡുകളിലും പദയാത്ര നടത്തി നഗരസഭയ്‌ക്കെതിരായ കുറ്റപത്രം ജനസമക്ഷം സമർപ്പിക്കും.