vivadavela

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് വർഗീയകക്ഷിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും രാജ്യത്ത് വർഗീയഫാസിസത്തെ ചെറുത്തു തോല്പിക്കാനുള്ള വിശാലസഖ്യത്തിൽ ഇവരെല്ലാം യോജിച്ച് നിൽക്കണമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഒരു വർഗീയ പാർട്ടിയല്ല എന്നത് സി.പി.എമ്മിന്റെ ഏറ്റവും വലിയ നിലപാടുമാറ്റമായി വ്യാഖ്യാനിക്കപ്പെട്ടതോടെ രാഷ്ട്രീയ കേരളത്തിൽ അത് കൊണ്ടുപിടിച്ച ചർച്ചയായി. ഇന്നിപ്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയുടെ അവിഭാജ്യഘടകമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. അതായത് അതിലെ രണ്ടാംകക്ഷിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ 11 കക്ഷികൾ നിലവിലുണ്ട്. പുറമേ ഏതാനും കക്ഷികൾ പിന്തുണയ്ക്കുന്നുമുണ്ട്. യു.ഡി.എഫിന്റെ ശേഷി അത്രത്തോളം വിശാലമല്ല. നേരത്തേ യു.ഡി.എഫിൽ കക്ഷികളുടെ ആധിക്യമായിരുന്നു. എന്നാലിന്ന് പ്രബലമെന്ന് പറയാവുന്ന കക്ഷികൾ തീർത്തും കുറവ്. കോൺഗ്രസും ലീഗും പിന്നെ കേരള കോൺഗ്രസ്-ജോസഫും അല്ലാതെ എടുത്തുപറയത്തക്ക വലിപ്പമുള്ള പാർട്ടികൾ ആ മുന്നണിയിലില്ല. എൽ.ഡി.എഫിൽ സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ്-മാണി, ജനതാദൾ ഗ്രൂപ്പുകൾ, എൻ.സി.പി, ഇന്ത്യൻ നാഷണൽ ലീഗ് എന്നിങ്ങനെയുള്ള പാർട്ടികളുണ്ട്.

2016ൽ അധികാരം പിടിച്ചെടുത്ത ഇടതുമുന്നണി 2021ൽ തുടർഭരണം നേടി. അതിന് മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷമേഖലകളിൽ നിന്നടക്കമുണ്ടായ പിന്തുണയും മുന്നണിയെ സഹായിച്ചിട്ടുണ്ട്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലടക്കം ലീഗിന് വോട്ടുചോർച്ചയും ഇടതിന് നേട്ടവുമുണ്ടായിട്ടുണ്ടെന്ന് സൂക്ഷ്മവിലയിരുത്തലുകളിൽ ബോദ്ധ്യമാവും. എന്നാലും ലീഗിന്റെ മേഖലകളിൽ ഇപ്പോഴും ലീഗിന് തന്നെയാണ് മേൽക്കൈ. അവിടെയാണ് സി.പി.എമ്മിന്റെ പുതിയ നിലപാടുമാറ്റങ്ങളിലെ പ്രസക്തി ഒളിഞ്ഞുകിടക്കുന്നത്.

സി.പി.എം ഔദ്യോഗിക

നിലപാടും ലീഗും

1985ലെ സി.പി.എമ്മിന്റെ പന്ത്രണ്ടാം പാർട്ടി കോൺഗ്രസാണ് ലീഗും കേരള കോൺഗ്രസും വർഗീയകക്ഷികളാണെന്ന രാഷ്ട്രീയനിലപാട് സി.പി.എം കൈക്കൊണ്ടത്. സി.പി.എമ്മിന്റെ രാഷ്ട്രീയനിലപാടുകൾ അതത് പാർട്ടി കോൺഗ്രസുകളാണ് കൈക്കൊള്ളുക. പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജനറൽസെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാട് പേരുവച്ച് അയച്ച പി.ബി കത്തിൽ 1980ലെ ഇടതുമുന്നണി സംവിധാനത്തിൽ അഖിലേന്ത്യാ ലീഗിനെ മുന്നണിയിൽ ഉൾപ്പെടുത്തിയതിനെ ഉൾപ്പെടെ വിമർശിച്ചിട്ടുണ്ടായിരുന്നു. കത്തിൽ പറഞ്ഞത് ഇതായിരുന്നു. "ന്യൂനപക്ഷ വർഗീയ പാർട്ടികളുടെ സാന്നിദ്ധ്യമാണ് ഭൂരിപക്ഷ വർഗീയപാർട്ടികളെ ശക്തിപ്പെടുത്തുന്നത്. അതിന്റെ ഉദാഹരണമാണ് അഖിലേന്ത്യാ മുസ്ലിംലീഗ് ഇടതുമുന്നണിയിലെ ഘടകകക്ഷിയായി തുടരുമ്പോൾ 1984 ഡിസംബറിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ ഹിന്ദു മുന്നണിയുടെ സ്ഥാനാർത്ഥി ഇടതുമുന്നണിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനത്തെത്തിയത്."

എന്നാൽ എം.വി. രാഘവൻ ഇതിനോട് വിയോജിച്ച് ബദൽരേഖ കൊണ്ടുവന്നു. ഇ.എം.എസിന്റെ വാദത്തെ എം.വി.ആർ തള്ളി. ന്യൂനപക്ഷ വിഭാഗങ്ങൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സാന്നിദ്ധ്യവും ആ പാർട്ടികളുടെ ഇടത്, മതേതര കക്ഷികളുമായുള്ള ബന്ധവുമാണ് ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നതെന്ന തിസീസിനോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷ വർഗീയതയും ഫാസിസമായി വളരാനിടയുള്ള ഇന്ത്യയിലെ ഹിന്ദുത്വവാദവും ന്യൂനപക്ഷപാർട്ടികളുടെ സാന്നിദ്ധ്യം കൊണ്ടല്ല, മറിച്ച് ധനകാര്യമൂലധനത്തിന്റെ വ്യാപനത്തിനായി അവർതന്നെ എടുത്തണിയുന്ന ഉടുപ്പാണെന്ന് എം.വി.ആറിന്റെ നേതൃത്വത്തിലുള്ളവർ വാദിച്ചു. പാർട്ടിക്കുള്ളിൽ ഇതേച്ചൊല്ലി വലിയ തർക്കം നടന്നു. സംസ്ഥാനസമ്മേളനം രണ്ട് കത്തുകളും ചർച്ചചെയ്തു. ഇ.കെ. നായനാർ, എം.കെ. കേളു, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞിക്കണ്ണൻ, സി.കെ. ചക്രപാണി, ടി. ശിവദാസമേനോൻ, ഇ.കെ. ഇമ്പിച്ചിബാവ തുടങ്ങിയ പ്രഗല്‌ഭരും അന്നത്തെ യുവജന, വിദ്യാർത്ഥി നേതാക്കളായിരുന്ന എം.വി. ഗോവിന്ദൻ, സി.പി. ജോൺ മുതലായവരും എം.വി.ആറിനൊപ്പം അണിചേർന്നു. ഇ.എം.എസിനെ തുണയ്ക്കാൻ വി.എസ്. അച്യുതാനന്ദനും എം.എം. ലോറൻസും കെ.എൻ. രവീന്ദ്രനാഥും എസ്. രാമചന്ദ്രൻ പിള്ളയും ഇ. ബാലാനന്ദനും മറ്റും.

ജനറൽസെക്രട്ടറി ഇ.എം.എസിന്റെ മേൽക്കൈ ഉറപ്പാക്കിക്കൊണ്ടാണ്, ബദൽരേഖാ അവതരണം സംഘടനാപരമായ കുറ്റവും പാർട്ടിവിരുദ്ധ പ്രവർത്തനവുമായി ചിത്രീകരിച്ചുകൊണ്ട് സി.പി.എം എം.വി.ആറിനും പി.വി. കുഞ്ഞിക്കണ്ണനും മറ്രുമെതിരെ നടപടിയെടുക്കുന്നത്.

85ലെ പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തിൽ മുസ്ലിംലീഗും കേരള കോൺഗ്രസും വർഗീയകക്ഷികളാണെന്ന് സി.പി.എം അടിവരയിട്ടു. 87ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേന്ത്യാ ലീഗില്ലാത്ത ഇടതുമുന്നണി വിജയിച്ചതോടെ എം.വി.ആറിന്റെയും കൂട്ടരുടെയും വാദത്തിന് പ്രസക്തിയില്ലെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. അതിന് ശേഷമിങ്ങോട്ട് നടന്നിട്ടുള്ള സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസുകളിലൊന്നും ഈ നിലപാട് തിരുത്തിയിട്ടില്ല. അന്ന് എം.വി.ആറിന്റെ ശിഷ്യനായിരുന്ന എം.വി. ഗോവിന്ദൻ പാർട്ടി അച്ചടക്കത്തിന് വിധേയനായി വഴങ്ങി. അദ്ദേഹം തരംതാഴ്ത്തപ്പെട്ടതേയുള്ളൂ. പിന്നീട് പടിപടിയായി വീണ്ടും നേതൃനിരയിലേക്കുയർന്നു. എന്നാലിപ്പോൾ സി.പി.എം വീണ്ടും ലീഗ് വിഷയം എടുത്തിടുന്നതാണ് കൗതുകമുണർത്തുന്ന രാഷ്ട്രീയചോദ്യം. സി.പി.എം ഇതുവരെയും ഔദ്യോഗികമായി നിലപാട് മാറ്റിയെന്ന് പറയാനായിട്ടില്ല. കാരണം അത് മാറണമെങ്കിൽ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയപ്രമേയം മാറണം.

കേരള കോൺഗ്രസിനോടുള്ള നിലപാട് 89 ൽ മാറ്റിയത് നാം കണ്ടിട്ടുണ്ട്. ജോസഫ് ഗ്രൂപ്പ് അങ്ങനെയാണല്ലോ ഇടതുമുന്നണിയിലെത്തിയത്. ഇന്നിപ്പോൾ കേരള കോൺഗ്രസ്-മാണി ഇടതുമുന്നണിയിലെ മൂന്നാം കക്ഷിയാണ്. മാത്രമോ, 1992ലെ ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷമുണ്ടായ പിളർപ്പിൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ ലീഗ് നീണ്ട 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇടതുമുന്നണിയുടെ ഘടകകക്ഷിയുമായി. ഐ.എൻ.എല്ലിനെ ഘടകകക്ഷിയാക്കാതിരുന്നത് നേരത്തേ ലീഗിനെപ്പറ്റിയുള്ള പാർട്ടി നിലപാട് തിരുത്തപ്പെടാതിരുന്നത് കൊണ്ട് കൂടിയാണെന്ന് ഓർക്കണം. പക്ഷേ ഐ.എൻ.എല്ലിനോട് അയിത്തം മാറ്റിയ സി.പി.എം, കാലത്തിന്റെ ചുവരെഴുത്ത് മായ്ക്കേണ്ടെന്ന് കരുതിക്കൊണ്ട് കൂടിയാണ്.

ശരിക്കും ലീഗിനെ

ക്ഷണിച്ചിട്ടുണ്ടോ ?

സാങ്കേതികമായി ലീഗിനെ സി.പി.എം ക്ഷണിച്ചെന്ന് പറയാനാവില്ല. ഇക്കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽനടന്ന സി.പി.എം സംസ്ഥാനസമ്മേളനം തീരുമാനിച്ചത് ഇടതുമുന്നണി വിപുലീകരണമല്ല പാർട്ടിയുടെ അടിയന്തരകടമ എന്നാണ്. മുന്നണി വിപുലീകരണം അജൻഡയിലില്ലെന്ന് വ്യക്തമാക്കി. മറിച്ച് പാർട്ടിയുടെ ബഹുജനസ്വാധീനം വർദ്ധിപ്പിക്കുകയാണ്. അതിനനുസരിച്ചുള്ള നയംമാറ്റങ്ങൾ പോലുമുണ്ട്. നവകേരളത്തിനുള്ള വികസനകാഴ്ചപ്പാടൊക്കെ പാർട്ടിയെ വിശാലമായി തുറന്നിടാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണപരിപാടികളിലെല്ലാം യു.ഡി.എഫിനെയും മുസ്ലിംലീഗിനെയും അതിനിശിതമായി കടന്നാക്രമിച്ച പാർട്ടിയാണ് സി.പി.എം. എസ്.ഡി.പി.ഐ- ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിച്ചായിരുന്നു ഇത്. പിന്നീട് വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനുള്ള ബില്ലുമായി ബന്ധപ്പെട്ടും ലീഗിനെ സി.പി.എം കടന്നാക്രമിച്ചു. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ അതിനിശിതമായ പരിഹാസമാണ് ലീഗിനെതിരെ ചൊരിഞ്ഞത്.

വഖഫ് ബോർഡ് വിഷയത്തിൽ ലീഗിനെ അപ്രസക്തമാക്കിക്കൊണ്ട് മുസ്ലിം സാമുദായിക നേതൃത്വങ്ങളെ വിശ്വാസത്തിലെടുക്കാനുതകുന്ന നടപടികളും സർക്കാർ കൈക്കൊണ്ടു. മുസ്ലിംലീഗ് ഈ ഘട്ടത്തിൽ ഏറ്റെടുത്ത പ്രക്ഷോഭങ്ങളൊക്കെ സമൂഹത്തിൽ അന്തച്ഛിദ്രമുളവാക്കാനാണ് എന്നുവരെ സി.പി.എം കുറ്റപ്പെടുത്തി.

മറുവശത്ത് ലീഗ് നിലപാടും ഏതാണ്ട് ഇമ്മട്ടിലായിരുന്നു. ലീഗിനകത്ത് വലിയ വിഭാഗം ഇടതുമുന്നണിയോടോ സി.പി.എമ്മിനോടോ സമരസപ്പെട്ട് പോകുന്ന മാനസികാവസ്ഥയിലുള്ളവരല്ല. നാദാപുരം കലാപം, തളിപ്പറമ്പിലെ അരിയൽ ഷുക്കൂർവധം മുതലായ സംഭവങ്ങളെല്ലാം ലീഗിന്റെ താഴെത്തട്ടിലെ അണികളിലേല്പിച്ച മുറിവുകൾ അതേപോലെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മേൽത്തട്ടിൽ ചില നേതാക്കളിൽ മാനസികമായ ചെറിയ ചാഞ്ചാട്ടം പ്രകടമാകുന്നു എന്നത് നേരാണ്. അത് ലീഗിന്റെയാകെ നിലപാടായി മാറുമെന്ന് ഇപ്പോൾ കരുതാനാവില്ല.

എന്നാൽ, പത്തുവർഷം അധികാരത്തിന് പുറത്തിരിക്കുക എന്നത് സ്വാധീനമേഖലകളിൽ ലീഗിനെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമുണ്ടാക്കുന്നത് തന്നെയാണ്. അതിന്റെ അസ്വസ്ഥകൾ ലീഗിനകത്ത് പ്രകടമാണ്. മറ്റൊന്ന് കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലായി, കൃത്യമായി പറഞ്ഞാൽ 2006 മുതൽ ലീഗ് കോട്ടകളിൽ ലീഗ് വിമതരെ തന്നെ അടർത്തിയെടുത്ത് ഇടതുസ്ഥാനാർത്ഥികളാക്കി വിജയിപ്പിച്ച് ലീഗ് വോട്ടുബാങ്കിൽ വിള്ളൽവീഴ്ത്തുന്ന തന്ത്രം സി.പി.എം കൈക്കൊള്ളുന്നുണ്ട്. കെ.ടി. ജലീലും പി.ടി.എ. റഹിമും മുതൽ തുടങ്ങിയതാണത്. ജലീൽ 2006ൽ സാക്ഷാൽ പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ് അട്ടിമറിച്ചത്. ഐസ്ക്രീംപാർലർ കേസ് അന്ന് കുഞ്ഞാലിക്കുട്ടിക്ക് വില്ലനായി.

സി.പി.എമ്മിന്റെ പരീക്ഷണം പിന്നീടിങ്ങോട്ടും വിജയിച്ചെന്നാണ് പിന്നീടുണ്ടായ തിരഞ്ഞെടുപ്പുചിത്രങ്ങൾ കാണിച്ചുതന്നത്. എന്നാലിപ്പോൾ 2021ലെ തുടർഭരണത്തിന് ശേഷമുണ്ടായ ആദ്യ ഒന്നരവർഷം സർക്കാരിന് ജനങ്ങൾക്കിടയിൽ പ്രതിച്ഛായാ ദോഷമുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷകളിൽ മങ്ങലുണ്ടായോ എന്ന സംശയം സി.പി.എം നേതൃത്വത്തിനും ഇല്ലാതില്ല. സാമ്പത്തികഞെരുക്കം അതിരൂക്ഷമാണ്. കാര്യമായൊന്നും ചെയ്യാനാവാത്ത അവസ്ഥ.

2026ലും തുടർഭരണം സാദ്ധ്യമാക്കണം. അതിലുപരി, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടണം. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ മുസ്ലിംന്യൂനപക്ഷ വോട്ടർമാരെ അടുപ്പിച്ച് നിറുത്താനും തെക്കൻ കേരളത്തിലെ മുസ്ലിംമേഖലകളിൽ സ്വാധീനമുറപ്പിക്കാനും എല്ലാമുള്ള തന്ത്രമായിട്ടേ ലീഗിനെക്കുറിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ കാണേണ്ടതുള്ളൂ. അതല്ലെങ്കിൽ, ഇടതുമുന്നണി കൺവീനറായിരുന്ന ഇ.പി. ജയരാജൻ ലീഗിനെ ക്ഷണിച്ചപ്പോൾ സി.പി.എം തള്ളിപ്പറയില്ലായിരുന്നല്ലോ.

ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടുകളോട് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അതിശക്തമായ എതിർപ്പാണ്. ആ എതിർപ്പിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാവശ്യമായ തന്ത്രമാണ് സർവകലാശാലാ വിഷയങ്ങളിലെ ഗവർണറുടെ നിലപാടുകളെ ആർ.എസ്.എസ് വത്കരണത്തിന്റെ ഭാഗമായി ചിത്രീകരിച്ചുള്ള പ്രചാരണം സി.പി.എം ഏറ്റെടുക്കുന്നത്. ലീഗിനുമേൽ ഇത് കടുത്ത സമ്മർദ്ദമുളവാക്കുന്നത് കൊണ്ടുകൂടിയാണ് ഗവർണറെ അവർ അതിനിശിതമായി തള്ളിപ്പറയുന്നതും. അതിന് പുറമേ ദേശീയതലത്തിൽ കോൺഗ്രസ് ചില ഘട്ടങ്ങളിൽ മൃദുഹിന്ദുത്വ സമീപനം പുലർത്തുന്നുവെന്ന തോന്നലും മുസ്ലിങ്ങൾക്കിടയിൽ ശക്തമാണ്. ഏക സിവിൽകോഡ് സംബന്ധിച്ച സ്വകാര്യബിൽ രാജ്യസഭയിൽ കഴിഞ്ഞദിവസം വന്നപ്പോൾ കോൺഗ്രസ് പ്രാതിനിദ്ധ്യം നാമമാത്രമായതിനെ പി.വി. അബ്ദുൾവഹാബ് എം.പി വിമർശിച്ചത് പോലും സി.പി.എം ഏറ്റെടുക്കുന്നത് ഇതിനാലാണ്.

തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളപ്പോൾ രാഷ്ട്രീയത്തിൽ ഒരിക്കലും ഒന്നും ഒന്നും രണ്ടാകുന്നില്ല. അത് മൂന്നോ നാലോ ആകണം.