
ജീവിതത്തിന്റെ ഗതിവിഗതികളെ കാറ്റത്തെ കരിയിലയോടാണ് പല പുരാണങ്ങളും ഉപമിച്ചിട്ടുള്ളത്. കരിയിലയ്ക്ക് ഒരു ലക്ഷ്യവും ഇല്ല. എങ്കിലും ചലിച്ചുകൊണ്ടിരിക്കുന്നു. ചലിപ്പിക്കുന്ന കാറ്റിനെ വിശ്വാസികൾ വിധിയെന്നോ കർമ്മഫലമെന്നോ ഗണിക്കുമ്പോൾ ശാസ്ത്രബോധമുള്ളവർ ഉൗർജ്ജമായി കണക്കാക്കുന്നു.
വിവാഹം കഴിച്ചില്ലെങ്കിലും ജീവിതം അപൂർണമാണെന്ന് ഗീത വിശ്വസിക്കുന്നില്ല. സൂക്ഷ്മബുദ്ധിയിലും ഓർമ്മശക്തിയിലും സമർത്ഥയാണ്. കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ കഥകൾ ഓർത്തെടുക്കും. ഹോസ്റ്റലിലെ കൂട്ടുകാരികളോട് സന്ദർഭോചിതമായി പറയും. സർക്കാർ ഓഫീസിലെ ഗുമസ്തപ്പണിയാണെങ്കിലും അദ്ധ്യാപികയാകാത്തതിന്റെ നഷ്ടം വിദ്യാർത്ഥികൾക്കാണെന്ന് കൂട്ടുകാരികൾ കളിയാക്കാറുണ്ട്.
ചക്രം ഉരുണ്ട് കൈയിലേക്കും പോക്കറ്റിലേക്കും വരുന്നത് എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ആ പണം അർഹതയില്ലാത്തതും കവർന്നെടുത്തതുമാണെങ്കിൽ കാശിനു മുമ്പേ ദുരിതങ്ങളും ശാപങ്ങളും ഉരുണ്ടുവരുമെന്ന്  മുത്തശ്ശിക്കഥകളെ ഉദ്ധരിച്ചുകൊണ്ട് ഗീത പറഞ്ഞു. നഗരത്തിലെ ഒരു അതീവ സമ്പന്നൻ. കാശെണ്ണിയിരിക്കുന്നതിന്റെ സുഖം മറ്റൊന്നിലുമില്ലെന്ന വിശ്വാസക്കാരൻ. ഒരിക്കൽ പൊലീസ് റെയ്ഡുണ്ടാകുമെന്ന വിവരം ലഭിച്ചു. പണച്ചാക്കുകൾ അകന്ന ബന്ധുവായ ഒരു തയ്യൽക്കാരന്റെ വീട്ടിലെ മൺകലങ്ങളിലാക്കി വീട്ടുവളപ്പിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു. അയൽക്കാരി ആടിനെ കെട്ടാൻ വന്നപ്പോൾ കൂറ്റൻ മൺകലങ്ങൾ. ചരിച്ചിട്ടപ്പോൾ അവ ഉരുണ്ടു. രാത്രി  ടോർച്ചുമായി വന്ന് പരിശോധിച്ചപ്പോൾ നോട്ടുകെട്ടുകളുടെ കൂമ്പാരം. ഇരുചെവിയറിയാതെ എല്ലാം സ്വന്തം വീട്ടിലേക്കു മാറ്റി. കുറെനാൾ കഴിഞ്ഞ് തയ്യൽക്കാരനെയും കൂട്ടി സമ്പന്നൻ എത്തിയപ്പോൾ ഉടച്ചിട്ട മൺകലങ്ങൾ. തയ്യൽക്കാരന് ഒന്നും മനസിലായില്ല. സമ്പന്നന്റെ മനസിളകി. അയാൾ ആരെയൊക്കെയോ ശപിച്ചു. രണ്ടുവർഷത്തിനുള്ളിൽ അയൽക്കാരി വലിയ ഭൂവുടമയും സമ്പന്നയുമായി മാറിയപ്പോഴാണ്  തയ്യൽക്കാരന് ചില സംശയങ്ങളുദിച്ചത്. മനോനില തകർന്ന സമ്പന്നൻ രോഗാതുരനായി നാടുവിട്ടു. അയൽക്കാരിയുടെ മൂന്നു പെൺമക്കളും പഠിച്ച് വലിയ നിലയിലായി. ഒന്നുകിൽ ഡോക്ടർ, അല്ലെങ്കിൽ എൻജിനിയർ അതിൽ കുറഞ്ഞ ആരോടും മക്കളെ അയക്കില്ലെന്ന് അവർ നിശ്ചയിച്ചു. മക്കൾ കെട്ടുപ്രായം കഴിഞ്ഞ്, പുര നിറഞ്ഞിട്ടും അക്കാര്യത്തിൽ ഒരു ഇളവും വരുത്തിയില്ല. ഒടുവിൽ നിലയ്ക്കും വിലയ്ക്കും നിരക്കാത്തവരോടൊപ്പം പെൺമക്കൾ ഇറങ്ങിപ്പോയി. നിന്നനില്പിൽ സമ്പന്നയായത് നിധികിട്ടിയതുകൊണ്ടാണെന്ന് പലരും പ്രചരിപ്പിച്ചു. സമ്പന്ന കുറെക്കാലം മനോരോഗാശുപത്രിയിലായിരുന്നത്രേ.
മുത്തശ്ശി പറഞ്ഞ കഥ പങ്കിട്ടതിനൊപ്പം  മുത്തശ്ശിയുടെ  നിരീക്ഷണവും  സാരോപദേശവും കൂടി ഗീത പറഞ്ഞു. നിധി കിട്ടുന്നതും അതു അനർഹമായി തട്ടിയെടുക്കുന്നതും ഒരുപോലെ ആപത്താണ്. വിയർപ്പിന്റെയും ചിന്തയുടെയും പിൻബലമില്ലാതെ കിട്ടുന്ന ധനം കൊട്ടാരത്തിലെ പാമ്പുപോലെയാണ്. ഒരു നേരം പോലും ഭയമില്ലാതെ കഴിയാൻ പറ്റില്ല. അനർഹമായ ധനമെല്ലാം 'നിധി"യാണ്. അതു സ്വന്തമാകുമ്പോഴും സ്വന്തമാക്കുമ്പോഴും ഭയം പത്തിവിടർത്താൻ തുടങ്ങും. ഓരോ ദിവസം കഴിയുംതോറും ആ പത്തികളുടെ എണ്ണം കൂടിവരും. ഒടുവിൽ ആയിരം ഫണമുള്ള അനന്തനെപ്പോലെ മനസിനെ ആ ഭയം ചുറ്റിവരിയും. ഒന്നുകിൽ മനോനില തകരും അല്ലെങ്കിൽ നാടുവിടും. കുടിക്കാനും കുളിക്കാനും വെള്ളച്ചാട്ടങ്ങൾ വേണ്ട. കൊച്ചരുവി മതി. അതിലെ നീരാട്ടുപോലും രസകരം. കോടാനുകോടി ജീവജാലങ്ങളിൽ മനുഷ്യനുമാത്രം കിട്ടുന്ന അറിവും ബോധവുമുള്ള ജീവിതം ധനാർത്തിക്ക് ഹോമിക്കാനുള്ളതല്ല. ആ ബോധമാണ് ഏറ്റവും വലിയ സമ്പത്ത്.
കമ്മലിന്റെ ഭാരം കൊണ്ട് തൂങ്ങിയ കാതുകളോടെ പണ്ട് മുത്തശ്ശി പറഞ്ഞ കഥ ഗീത പറഞ്ഞുതീർന്നപ്പോൾ ഒരു പാലരുവിയിൽ കുളിച്ച സുഖമെന്ന് കൂട്ടുകാരികൾ അഭിപ്രായപ്പെട്ടു. അറിവാണ് യഥാർത്ഥ നിധിയെന്ന് ചിലരുടെ കമന്റ്.
(ഫോൺ: 9946108220)