
കണ്ണൂർ : ഖാദി ബോർഡിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരി കെ.കെ.നിഷയ്ക്ക് ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും തയ്യാറാകാത്ത ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ രാഷ്ട്രീയ പകപോക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിഷ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് അവരെ പിരിച്ചു വിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിരിച്ചുവിട്ടതിനെതിരെ ലേബർ കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും നിഷ അനുകൂലവിധി സമ്പാദിച്ചിരുന്നു.തിരിച്ചെടുത്തില്ലെങ്കിൽ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നൽകണമെന്നും അല്ലെങ്കിൽ ഖാദി ബോർഡിലെ വസ്തുക്കൾ ജപ്തി ചെയ്ത് ശമ്പളം ഈടാക്കണമെന്നുമായിരുന്നു ഉത്തരവ്. ശമ്പള കുടിശിക ലഭിക്കാനുള്ള 337347 രൂപ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജനെ കണ്ടപ്പോൾ ഖാദി ബോർഡ് നഷ്ടത്തിലാണെന്നായിരുന്നു പ്രതികരണം. ശമ്പളക്കുടിശിക നൽകാത്ത ബോർഡിന്റെ വൈസ് ചെയർമാന് കാറിനായി 35 ലക്ഷം രൂപ അനുവദിച്ചത് പാവപ്പെട്ടവരോടുള്ള വഞ്ചനയാണെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.കെ.കെ.നിഷ, രജനി രാമാനന്ദ് , സി.ടി ഗിരിജ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.