
തീർത്ഥാടനകാലം തുടങ്ങി രണ്ടാഴ്ച പിന്നിട്ടതോടെ ശബരിമല ദർശനത്തിനെത്തുന്നവരുടെ സംഖ്യ അഭൂതപൂർവമായി ഉയരുമെന്ന് അറിയാത്തവരല്ല തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിർഭാഗ്യവശാൽ വർദ്ധിച്ചുവരുന്ന ഈ തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്. ഓരോ വർഷത്തെയും തിരക്കു കാണുമ്പോൾ അടുത്ത തീർത്ഥാടനകാലത്ത് സകലവിധ സൗകര്യങ്ങളും ഒരുക്കുമെന്ന പ്രഖ്യാപനം പതിവാണ്. എന്നാൽ തീർത്ഥാടകരുടെ ദുരിതം ഒരിക്കലും അവസാനിക്കുന്ന മട്ടില്ല. എത്ര കഷ്ടപ്പെട്ടാലും ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അയ്യപ്പനെ ദർശിച്ച് സായൂജ്യമടയാനുള്ള അദമ്യമായ ആഗ്രഹമുള്ളിടത്തോളം എല്ലാ അസൗകര്യങ്ങളും ക്ഷമിക്കാനും സഹിക്കാനും ആളുകൾ ഒരുക്കമാണ്. എന്നാൽ ഭക്തരുടെ ക്ഷമയ്ക്കും സഹനത്തിനും ഒരതിരൊക്കെ ഇല്ലേ?
തീർത്ഥാടക നിയന്ത്രണത്തിനും സുഗമമായ ദർശനത്തിനും ഇന്ന് മാർഗങ്ങളുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായ തിരുപ്പതിയിൽ എത്ര ചിട്ടയോടും ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലുമാണ് കാര്യങ്ങൾ നടക്കുന്നത്. ശബരിമലയിൽ തിരക്കു നിയന്ത്രണാതീതമായ കാലം മുതലേ തിരുപ്പതി മാതൃക പരീക്ഷിക്കുന്നതിനെക്കുറിച്ചു കേൾക്കുന്നതാണ്. പ്രതിനിധി സംഘങ്ങൾ പലകുറി തിരുപ്പതിയിൽ പോയി എല്ലാം നേരിട്ടു കണ്ടതുമാണ്.
കഴിഞ്ഞ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ദർശനത്തിന് നാനാകേന്ദ്രങ്ങളിൽ നിന്നെത്തിയ ഭക്തരുടെ തിരക്കിൽ അക്ഷരാർത്ഥത്തിൽ ശബരിമല വീർപ്പുമുട്ടുകയായിരുന്നു. ഉൾക്കൊള്ളാനാകാത്ത രീതിയിൽ ഭക്തർ വന്നുനിറഞ്ഞപ്പോൾ എല്ലാ സുരക്ഷാക്രമീകരണങ്ങളും അവതാളത്തിലായി. പ്രായമേറിയവരും കുട്ടികളും തിങ്ങിഞെരുങ്ങി ഒരുപാടു കഷ്ടപ്പെട്ടു. പൊലീസ് സംവിധാനങ്ങൾ കെട്ടഴിഞ്ഞതോടെ ആശ്രയമില്ലാതെ തീർത്ഥാടകർ പന്ത്രണ്ടും പതിനഞ്ചും മണിക്കൂർ വരെ സന്നിധാനം മുതൽ താഴെ പമ്പവരെ നിൽക്കേണ്ടിവന്നു. അധികൃതരുടെ കരുതലില്ലായ്മയും കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവില്ലായ്മയുമാണ് ഈ സ്ഥിതി വരുത്തിവച്ചത്. ഭക്തരെ നിയന്ത്രിച്ചു കയറ്റിവിടാൻ ഇന്ന് ഏറ്റവും ഫലപ്രദമായ മാർഗം വെർച്വൽ ക്യൂ സമ്പ്രദായമാണ്. കൊവിഡിനു മുമ്പുള്ള വർഷങ്ങളിൽ അതു തെളിഞ്ഞതുമാണ്. ഇപ്പോഴും വെർച്വൽ ക്യൂ സംവിധാനമുണ്ട്. എന്നാൽ ഒരു ദിവസം പരമാവധി എത്രപേർക്ക് ദർശന സൗകര്യം ഒരുക്കാനാവുമെന്നതിൽ അധികൃതർക്ക് മുൻകൂർ ധാരണയില്ലാത്തതുകൊണ്ടാവാം പരിധിയിൽ കവിഞ്ഞ് ഭക്തരെ പമ്പയിൽ നിന്ന് കയറ്റിവിടുന്നത്.
ഭക്തജനത്തിരക്ക് കണ്ട് താത്‌കാലികമായ പരിഹാരമല്ല ശബരിമലയിൽ വേണ്ടത്. സ്ഥിരം സംവിധാനങ്ങൾ ഉണ്ടായാലേ തീർത്ഥാടകർക്ക് തിരക്കേറിയ ദിനങ്ങളിൽ ശരീരത്തിനു ക്ഷതമേൽക്കാതെ ദർശന സൗഭാഗ്യം ലഭിക്കുകയുള്ളൂ. അതിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ഇത്തരം വിഷയങ്ങളിൽ അറിവും പരിചയമുള്ളവരുടെ ഉപദേശത്തോടെ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണം. വയോവൃദ്ധരെയും കുട്ടികളെയും ഉൾപ്പെടെ പത്തും പതിനഞ്ചും മണിക്കൂർ കാത്തുനിറുത്തി മഹാപാപം വലിച്ചുവയ്ക്കാതെ സുഗമമായ ദർശന സൗകര്യമൊരുക്കാൻ കഴിയണം. ദേവസ്വം ബോർഡിനൊപ്പം സർക്കാരും ഇതിനായി യത്നിക്കണം. തീർത്ഥാടനം തുടങ്ങും മുമ്പ് ആചാരം പോലെ രണ്ടും മൂന്നും അവലോകന യോഗങ്ങൾ കൂടിയതുകൊണ്ടായില്ല.
നിലവിൽ വെളുപ്പിനു മൂന്നുമണിമുതൽ രാത്രി പതിനൊന്നു വരെയാണ് ദർശനസമയം. തിരക്കു കൂടിയതോടെ രാത്രി പതിനൊന്നര വരെ ദർശന സമയം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതും മതിയാകാതെ വന്നിരിക്കുകയാണ്. ദർശനസമയം ഇനിയും ദീർഘിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണം. ആശ്രയം തേടിയെത്തുന്ന ഭക്തരെ മണിക്കൂറുകളോളം കാത്തുനിറുത്തണമെന്ന് ഭഗവാനും ആഗ്രഹിക്കില്ല. മാസപൂജയോടനുബന്ധിച്ച് കൂടുതൽ ദിവസങ്ങളിൽ ദർശനം നൽകാനാവുമോ എന്ന കാര്യവും പരിശോധിക്കാവുന്നതാണ്.