h

 പദ്ധതിക്ക് അനുമതി നൽകേണ്ടിവരും

തിരുവനന്തപുരം: സിൽവർലൈനുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവും പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകളും പിൻവലിക്കില്ലെന്ന് നിയമസഭയിലും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോയത്. പഠനത്തിന്റെ അടിസ്ഥാനത്തിലാകും ഭൂമി ഏറ്റെടുക്കണമോയെന്ന് തീരുമാനിക്കുക. നിലവിൽ ഭൂമി ഏറ്റെടുത്തിട്ടില്ല. അതിനാൽ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് തടമസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഉത്തരവ് പിൻവലിച്ചാൽ മാത്രമേ വായ്‌പ ഉൾപ്പെടെ ലഭിക്കൂവെന്ന് പി.സി.വിഷ്ണുനാഥ് ചൂണ്ടിക്കാട്ടിയെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. പഠനം നടക്കുന്നത് ഭൂമി ഏറ്റെടുക്കുന്നതായി കാണേണ്ടതില്ല. അതിനാൽ വായ്പ ലഭിക്കുന്നതിന് തടസമില്ല.

സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്ക്‌ കേന്ദ്രത്തിന്റെ അംഗീകാരം ആവശ്യമാണെന്നത് വസ്തുതയാണ്. എന്നാൽ രാഷ്ട്രീയ നീക്കം ഉണ്ടായി. കേന്ദ്രത്തിലെ ഭരണകക്ഷി തന്നെ എതിർ നിലപാട് സ്വീകരിച്ചതോടെ കേന്ദ്ര സർക്കാർ അറച്ചു നിന്നു. ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ചില എതിരഭിപ്രായങ്ങളും വന്നു. ഇതോടെ അനുമതി നൽകുന്നത്‌ കേന്ദ്രം വൈകിപ്പിച്ചു. എന്നാൽ ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക്‌ കേന്ദ്രാനുമതി നൽകേണ്ടി വരും. സിൽവർലൈൻ ഡി.പി.ആർ അപൂർണമാണെന്ന്‌ കേന്ദ്രം അറിയിച്ചിട്ടില്ല.