തിരുവനന്തപുരം: പട്ടയഭൂമി പതിച്ചുകിട്ടിയ ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാൽ റദ്ദാക്കുമെന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ചട്ടഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ചട്ടവ്യവസ്ഥ ലംഘിച്ച പട്ടയങ്ങൾ റദ്ദാക്കാതെ ക്രമവത്കരിക്കാനാവുമോയെന്ന് പരിശോധിക്കാൻ ചീഫ്സെക്രട്ടറി, നിയമ- റവന്യൂ സെക്രട്ടറിമാർ എന്നിവരെ നിയോഗിച്ചു. ചട്ടഭേദഗതി മതിയാവില്ലെന്നും നിയമഭേദഗതി വേണമെന്നും ഇതിന് കോടതിയുടെ അനുമതി തേടണമെന്നുമാണ് നിയമവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. അവസാന അപേക്ഷകനും പട്ടയം നൽകും വരെ ലാൻഡ് അസൈൻമെന്റ് ട്രൈബ്യൂണലുകൾ പൂട്ടില്ല. ഇടുക്കിയിൽ കോടതി ഉത്തരവിനെത്തുടർന്ന് ചില നടപടികളെടുക്കുന്നുണ്ടെങ്കിലും ആരോടും ശത്രുതാപരമായ നിലപാട് പാടില്ലെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൈയേറ്റക്കാരോടും കുടിയേറ്റക്കാരോയും സർക്കാരിന് ഒരേ നിലപാട് അല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.