
തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്‌റ്റ് സിറ്റിക്ക് ഭൂമിയേറ്റെടുക്കാൻ 840കോടി രൂപ നഷ്ടപരിഹാരം വേണ്ടിവരുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. 220 ഹെക്ടർ ഭൂമിയേറ്റെടുക്കേണ്ടിയിരുന്നത് പ്രതിഷേധം കാരണം 144 ഹെക്ടറാക്കി കുറച്ചിട്ടുണ്ട്. 220 ഹെക്ടർ ഏറ്റെടുക്കാൻ 540കോടി മതിയായിരുന്നു. സ്ഥലമെടുപ്പ് വൈകിയതിനാൽ നഷ്ടപരിഹാരം വർദ്ധിച്ചു. നേരത്തേ സമരം ചെയ്തവർ ഇപ്പോൾ തങ്ങളുടെ ഭൂമിയേറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതുക്കിയ നഷ്ടപരിഹാരത്തുകയ്ക്ക് ഉടൻ ഭരണാനുമതി നൽകും. കിഫ്ബിയുടെ അനുമതി ലഭിച്ചാൽ സ്ഥലമെടുപ്പ് തുടങ്ങും. പ്രതിഷേധക്കാർക്കെതിരായ അഞ്ച് കേസുകൾ വിചാരണ ഘട്ടത്തിലാണെന്നും റോജി എം. ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.