
തിരുവനന്തപുരം: സ്‌കൂൾ സമയം മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പുരോഗമനപരമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളിടത്തെല്ലാം ഇത്തരം മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പൊതുഅഭിപ്രായത്തിന്റെ ഒരു ആശയം മാത്രമാണതെന്നും എൻ. ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സർക്കാരിനില്ല. ബഹുസ്വരതയെ,വൈവിധ്യങ്ങളെ,വൈജാത്യങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ നയം. ഇതിനായുള്ള കൈപ്പുസ്തകം ' പാഠ്യപദ്ധതി ചട്ടക്കൂടുകൾ-സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പുകൾ' എന്ന പേരിൽ എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരു കുട്ടിയെയും മാറ്റിനിറുത്തരുതെന്നതിനാലാണ് ജനകീയ ചർച്ച. സ്ത്രീകൾക്ക് നൽകുന്ന പരിഗണനയും സംരക്ഷണങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങൾ വഴി ഇല്ലാതാകും എന്നതിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.