k

* താറടിച്ച് കാണിക്കാൻ ശ്രമം: മുഖ്യമന്ത്രി

* സഭയിൽ പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: പൊലീസിൽ 828 ക്രിമിനൽ കേസ് പ്രതികളുണ്ടെന്നും ആരോപണമുയരുമ്പോൾ അന്വേഷണം നടത്തി കൃത്യമായി കേസെടുക്കാറുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 55,000 അംഗങ്ങളുള്ള സേനയിൽ ക്രിമിനൽ കേസുള്ളവർ 1.56 ശതമാനമാണ്. 98.44 ശതമാനം പേരും കുറ്റകൃത്യങ്ങളിൽ പെടാത്തവരാണ്.

യു.ഡി.എഫ് കാലത്ത് 976 പൊലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു. പ്രകൃതിദുരന്ത കാലത്തടക്കം സ്തുത്യർഹ സേവനം നടത്തിയ പൊലീസിനെ താറടിച്ചു കാണിക്കാനാണ് ശ്രമമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകി.

എന്നാൽ, പൊലീസിലെ ക്രിമിനലുകൾ സർവീസിലുണ്ടാവരുതെന്നും അമിതമായ രാഷ്ട്രീയവത്കരണം തടയാനാവാത്തത് പ്രതിച്ഛായ നഷ്ടമാക്കിയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സേനയിലെ ക്രിമിനലുകളുടെ കണക്കു പോലും സർക്കാരിന്റെ കൈയിലില്ല. ജില്ലാ സെക്രട്ടറിമാർ പറഞ്ഞാലേ എസ്.പിമാർ അനുസരിക്കൂ. ഏരിയാ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത്. പൊലീസിനെ നിർവീര്യമാക്കിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

2017ൽ ഒന്നും 2018ൽ രണ്ടും 2019ൽ ഒന്നും 2020ൽ രണ്ടും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളായ എട്ട് പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട നാലു പേരെ 2022ലും പിരിച്ചുവിട്ടു. കേസന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആർക്കും പറയാനാവില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം പ്രതികളെ കണ്ടെത്താനും കുറ്റപത്രം നൽകാനുമായി. പൊലീസ് സേനയിൽ രാഷ്ട്രീയവത്കരണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

പൊലീസിലെ ക്രിമിനലുകളിലെ ചെറിയൊരു ശതമാനത്തിനെതിരെ പോലും നടപടിയെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നതെന്ന് തിരുവഞ്ചൂർ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടും 9 പൊലീസ് ജില്ലകളിൽ പിങ്ക് പൊലീസിന് ഒരു കേസ് പോലും കണ്ടുപിടിക്കാനായിട്ടില്ല. ജനങ്ങൾക്കു പ്രയോജനമില്ലാത്ത ഈ സംവിധാനം പിരിച്ചുവിടണം.