
വർക്കല : വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമിയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ വർഷത്തെ എം.എസ്.സുബ്ബുലക്ഷ്മി സംഗീതോത്സവത്തിന് വർക്കലയിൽ തിരി തെളിഞ്ഞു. വർക്കല മൈതാനം എസ്.ആർ.മിനി ഒാഡിറ്റോറിയത്തിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ നെയ്‌വേലി സന്താനഗോപാലൻ ഭദ്രദീപം കൊളുത്തി. ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ചന്ദ്രമോഹൻ എം.എസ് സുബ്ബുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. സിനിമാതാരം ആർ.സുബ്ബലക്ഷ്മി,ഡോ.എം.ജയരാജു , ബി.ജോഷി ബാസു എന്നിവർ സംസാരിച്ചു. അക്കാഡമി സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ സ്വാഗതവും ആർ.സുലോചനൻ നന്ദിയും പറഞ്ഞു. തുടർന്ന് നെയ്‌വേലി സന്താനഗോപാലൻ അവതരിപ്പിച്ച സംഗീതക്കച്ചേരിയും അരങ്ങേറി. രണ്ടാംദിനം ശ്രീരഞ്ജിനി കോടമ്പള്ളി സംഗീതക്കച്ചേരി അവതരിപ്പിച്ചു. മൂന്നാം ദിനം വിജയ് ടി.വി. സൂപ്പർ സ്റ്റാർ സിംഗർ ആർ.പി. ശ്രാവൺ (ചെന്നൈ) അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും നാലാം ദിനം പ്രസിദ്ധ സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണജിയുടെ സംഗീതസദസും അഞ്ചാം ദിനം പ്രസിദ്ധ വീണ വിദ്വാൻ പ്രൊഫ.വി.സൗന്ദർ രാജൻ അവതരിപ്പിക്കുന്ന വീണ കച്ചേരിയും ആറാം ദിനം എം.എസ്.മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്ന് അക്കാഡമി സെക്രട്ടറി, അഡ്വ.എസ്.കൃഷ്ണകുമാർ അറിയിച്ചു.