തിരുവനന്തപുരം: കോട്ടയ്ക്കകം ശ്രീവൈകുണ്ഠം ഹാളിൽ പത്തുദിവസത്തെ അഖിലഭാരത ഭാഗവത മഹാസത്രം ഇന്ന് ആരംഭിക്കും. വൈകിട്ട് 5ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപപ്രതിഷ്ഠ നിർവഹിക്കും.

അശ്വതിതിരുനാൾ ഗൗരിലക്ഷ്മിബായി ഭഗവതഗ്രന്ഥം സമർപ്പിക്കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തും. സത്രനിർവ്വഹണസമിതി ചെയർമാൻ ആർ.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ രമേശ് ചെന്നിത്തല,തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവരും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി,കെ.ശിവശങ്കരൻ,ഡോ.ഉഷരാജവാര്യർ തുടങ്ങിയവരും പങ്കെടുക്കും.വർക്കിംഗ് ചെയർമാൻ ജി.രാജ് മോഹൻ സ്വാഗതവും,പ്രോഗ്രാംകമ്മിറ്റി ചെയർമാൻ എസ്.നാരായണസ്വാമി നന്ദിയും പറയും. പരിപാടികളിൽ 15000പേർ പങ്കെടുക്കും.നാലുനേരം സൗജന്യ ഭക്ഷണവുമുണ്ടാകും.സത്രം 23ന് സമാപിക്കും.

ഇന്ന് വൈകിട്ട് 4ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 8മണിവരെ ഭാഗവതം സംസ്‌കൃത മൂലഗ്രന്ധത്തിൽ നിന്നുള്ള പാരായണം. 8മുതൽ രാത്രി 8വരെ ഭാഗവത്തിലെ പ്രഭാഷണങ്ങളായിരിക്കും. ഇതോടൊപ്പം ഉച്ചയ്ക്ക് ഒന്നുമുതൽ 2വരെ നാരായണീയ പാരായണവും സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷം ഭാരതീയ ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളുമുണ്ടാകും.വൈകിട്ട് 5ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. രാത്രി നൃത്തസംഗീത പരിപാടികളും നടക്കും.

സപ്താഹത്തിൽ പ്രാധാന്യം ഭാഗവതപാരായണത്തിനാണെങ്കിൽ, സത്രത്തിൽ ഭാഗവതത്തിലെ വിവിധ കഥാസന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾ പണ്ഡിതർ നടത്തുന്നുവെന്നതിലാണ്. കോട്ടയം കുറച്ചിക്കാനത്ത് 40 വർഷം മുൻപ് ആരംഭിച്ചതാണ് ഭാഗവത മഹാസത്രം. 20 വർഷം മുൻപ് പുത്തരിക്കണ്ടത്താണ് തലസ്ഥാനത്ത് ഇതിനുമുൻപ് ഭാഗവത മഹാസത്രം നടന്നത്.