
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തെ സർക്കാർ ഐ.ടി പാർക്കുകളിൽ 20346 തൊഴിലവസരം സൃഷ്ടിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 7000, കൊച്ചി ഇൻഫോപാർക്കിൽ 13,000, കോഴിക്കോട് സൈബർ പാർക്കിൽ 436 തൊഴിലവസരമാണുണ്ടായത്.
ഇതോടൊപ്പം 517 കരാർ നിയമനങ്ങളും 33 താത്കാലിക നിയമനങ്ങളും നടന്നു. എട്ട് നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നടന്നത്. 13 തസ്തികകളിൽ ഏജൻസികൾ മുഖാന്തരവും ബാക്കിയുള്ള 537ൽ പത്രപരസ്യം നൽകി അപേക്ഷ ക്ഷണിച്ചുമായിരുന്നു നിയമനം. ഇവർക്ക് ഈ വർഷം ഒക്ടോബർ വരെ 1.85 കോടി വേതനയിനത്തിൽ നൽകി. ഈ കാലയളവിൽ ടെക്‌നോപാർക്കിൽ ഐ.ടി കയറ്റുമതി 10 ശതമാനവും ഇൻഫോപാർക്കിൽ 27 ശതമാനവും സൈബർ പാർക്കിൽ 113 ശതമാനവും വർദ്ധിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചികിത്സാ സഹായത്തിനും മറ്റുമായി 1519.17 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.